അഹമ്മദാബാദിൽ 4 ഐഎസ് ഭീകരർ അറസ്റ്റിൽ
Mail This Article
അഹമ്മദാബാദ് ∙ രാജ്യാന്തര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള 4 ശ്രീലങ്കൻ പൗരൻമാരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നുസ്രത് (35), മുഹമ്മദ് ഫാറൂഖ് (35), മുഹമ്മദ് നഫ്‌റാൻ (27), മുഹമ്മദ് റസ്‌ദീൻ (43) എന്നിവരാണ് ഞായറാഴ്ച രാത്രി അഹമ്മദാബാദ് രാജ്യാന്തരവിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ പിടിയിലായത്. കൊളംബോയിൽ നിന്നു ചെന്നൈ വഴിയാണ് ഇവർ അഹമ്മദാബാദിലെത്തിയത്. ഐഎസ് ബന്ധം വ്യക്തമാക്കുന്ന രേഖകളും ഐഎസ് പതാകയും ഇവരിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.
രാജ്യത്ത് ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യമെന്നും ചാവേർ സ്ഫോടനത്തിനു പോലും ഇവർ തയാറായിരുന്നെന്നും ഡിജിപി വികാസ് സഹായ് പറഞ്ഞു. ഇവരുടെ ഫോണുകളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ നഗരത്തിലെ നാനാ ചിലോദാ മേഖലയിൽ ഉപേക്ഷിച്ച നിലയിൽ 3 പാക്ക് നിർമിത പിസ്റ്റളുകളും 20 വെടിയുണ്ടകളും 2 ഐഎസ് പതാകകളും കണ്ടെടുത്തു. ഈ ആയുധങ്ങൾ കിടന്നിരുന്ന സ്ഥലത്തെക്കുറിച്ച് അറസ്റ്റിലായവർക്ക് വ്യക്തമായ വിവരം ലഭിച്ചിരുന്നു.
ആയുധങ്ങൾ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിർമിച്ചവയാണെന്നാണും ഡിജിപി പറഞ്ഞു. നിരോധിത ശ്രീലങ്കൻ ഭീകരസംഘടനയായ നാഷനൽ തൗഹീദ് ജമാഅത്തിൽ അംഗങ്ങളായിരുന്ന ഇവർ പിന്നീട് ഐഎസിൽ ചേരുകയായിരുന്നു. പാക്കിസ്ഥാനിൽ കഴിയുന്ന ശ്രീലങ്കക്കാരനായ ഐഎസ് നേതാവ് അബുവുമായി സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്ന ഇവർ അയാളുടെ നിർദേശപ്രകാരമാണ് ഇന്ത്യയിലെത്തിയതെന്നും 4 ലക്ഷം ശ്രീലങ്കൻ രൂപ പ്രതിഫലമായി നൽകിയിരുന്നതായും ഡിജിപി വ്യക്തമാക്കി. അറസ്റ്റിലായ മുഹമ്മദ് നുസ്രത്തിനു പാക്ക് വീസയുമുണ്ട്.