കോവാക്സീൻ: റിപ്പോർട്ടിനെതിരെ ഐസിഎംആർ
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സീനായ കോവാക്സീൻ സ്വീകരിച്ചവരിലെ ആരോഗ്യ പ്രശ്നം ഉന്നയിച്ചുകൊണ്ടുള്ള ഗവേഷണ റിപ്പോർട്ട് ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിൽ (ഐസിഎംആർ) തള്ളി. നിലവാരമില്ലാത്ത ഗവേഷണമാണെന്നും പ്രബന്ധത്തിൽ നിറയെ അവ്യക്തകളുണ്ടെന്നും ആരോപിച്ച് പഠനം നടത്തിയ ഗവേഷകർക്കും അതു പ്രസിദ്ധീകരിച്ച ജേണലിനും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് ബാൽ കത്തയച്ചു.
റിപ്പോർട്ടിൽ ഐസിഎംആറിന്റെ പേര് അനാവശ്യമായി ചേർത്തതാണെന്നും ഫണ്ടോ മറ്റു സഹായമോ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ട് പിൻവലിച്ച്, ഐസിഎംആർ ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടി നൽകിയില്ലെങ്കിൽ നിയമ നടപടി കൈക്കൊള്ളുമെന്നും കത്തിലുണ്ട്. ബനാറസ് ഹിന്ദു സർവകലാശാല (ബിഎച്ച്‌യു) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ. ഉപേന്ദ്ര കൗർ, ഡോ. എസ്.എസ്. ചക്രബർത്തി എന്നിവരുടെ ഗവേഷണ റിപ്പോർട്ടാണ് ഡ്രഗ് സേഫ്റ്റി ജേണലിൽ പ്രസിദ്ധീകരിച്ചത്.
കോവാക്സിൻ ഉപയോഗിച്ച 926 പേരിൽ നടത്തിയ പഠനത്തിൽ 30 % പേർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നായിരുന്നു അവരുടെ കണ്ടെത്തൽ. എന്നാൽ, ശാസ്ത്രീയരീതി അവലംബിക്കാതെയുള്ളതാണ് പഠനമെന്നാണ് ഐസിഎംആർ വ്യക്തമാക്കുന്നത്. ഐസിഎംആറിന്റെ പിന്തുണയോടെ ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കോവാക്സീൻ വികസിപ്പിച്ചത്.