ഒന്നര കോടി രൂപ കവർന്നെന്ന് പരാതി; കള്ളനെ പിടിച്ചപ്പോൾ ഉടമ പറഞ്ഞത് നുണ, കള്ളൻ പറഞ്ഞത് ശരി
Mail This Article
കോയമ്പത്തൂർ ∙ ഒന്നരക്കോടി രൂപ കവർച്ച നടന്നതായി ലഭിച്ച പരാതിയിൽ 24 മണിക്കൂറിനകം മോഷ്ടാവിനെ പിടികൂടിയപ്പോൾ വൻ ട്വിസ്റ്റ്. 15 ലക്ഷം രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നു മോഷ്ടാവ് വെളിപ്പെടുത്തി. പരാതിക്കാരനെ വീണ്ടും ചോദ്യംചെയ്തപ്പോൾ മോഷ്ടാവ് പറഞ്ഞതു ശരിയാണെന്നും പൊലീസിന്റെ അന്വേഷണം ത്വരിതപ്പെടുത്താൻ തുക കൂട്ടിപ്പറഞ്ഞതാണെന്നും അറിയിച്ചു.
-
Also Read
അഹമ്മദാബാദിൽ 4 ഐഎസ് ഭീകരർ അറസ്റ്റിൽ
കോയമ്പത്തൂർ ജില്ലയിലെ അന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. കഴിഞ്ഞ 17ന് ഉച്ചയ്ക്കാണ് അന്നൂർ ചൊക്കംപാളയം സ്വദേശിയും പ്രാദേശിക ബിജെപി നേതാവുമായ വിജയകുമാറിന്റെ (45) വീട്ടിൽ കവർച്ച നടന്നതായി പൊലീസിനു പരാതി ലഭിച്ചത്. സ്ഥലം വാങ്ങാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നരക്കോടി രൂപയും 9 പവൻ ആഭരണങ്ങളുമാണ് കാണാതായതെന്നു വിജയകുമാർ പരാതിയിൽ പറഞ്ഞിരുന്നു. എസ്‌പിയുടെ നേതൃത്വത്തിൽ 7 സ്പെഷൽ സ്ക്വാഡുകൾ രൂപീകരിച്ച് അന്വേഷണം തുടങ്ങി.
തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടി മുത്തുപേട്ട നാച്ചികുളം സ്വദേശി അൻപരശനെ (33) പൊലീസ് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. 15 ലക്ഷം രൂപയും 8.5 പവനും വെള്ളി ആഭരണങ്ങളും ഇയാളിൽ നിന്നു കണ്ടെത്തി. ഇയാൾക്കെതിരെ വിവിധ ജില്ലകളിൽ 18 കവർച്ചക്കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.