ADVERTISEMENT

ഭുവനേശ്വർ ∙ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ കളഞ്ഞുപോയ താക്കോൽ ഒഡീഷ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. 2018 ൽ താക്കോൽ നഷ്ടമായ സംഭവം ബിജു ജനതാദൾ സർക്കാരിനെതിരായ ആയുധമാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പ്രചാരണം നയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു കൂടി നടക്കുന്ന സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ ഇതു സംബന്ധിച്ച രഹസ്യങ്ങൾ പുറത്തുവിടുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ശ്രീകോവിലിനു സമീപത്തെ രത്ന ഭണ്ഡാരത്തിന്റെ താക്കോലാണ് 2018 ഏപ്രിലിൽ കാണാതായത്. ഒഡീഷ ഹൈക്കോടതിയുടെ നിർദേശപ്രകാരം കെട്ടിടത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട പരിശോധന നടക്കുമ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി നവീൻ പട്നായിക് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. നവംബറിൽ 324 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അതു പുറത്തുവിട്ടില്ല. 

ഇതിനിടെ നാടകീയമായ മറ്റൊന്നു സംഭവിച്ചു. ജുഡീഷ്യൽ അന്വേഷണ ഉത്തരവ് പുറത്തുവന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ പുരി ജില്ലാ കലക്ടർക്ക് ഡ്യൂപ്ലിക്കേറ്റ് താക്കോൽ അയച്ചുകിട്ടി. 

ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ തിങ്കളാഴ്ച നടന്ന യോഗത്തിൽ പ്രധാനമന്ത്രി മോദി കടുത്ത ആക്രമണം നടത്തി. ‘വീടിന്റെ താക്കോൽ കളഞ്ഞുപോകുമ്പോൾ നമ്മളെല്ലാവരും പുരി ജഗന്നാഥനെ പ്രാർഥിക്കും. മണിക്കൂറുകൾക്കുള്ളിൽ താക്കോൽ കിട്ടും. എന്നാൽ, ഭഗവാൻ ജഗന്നാഥന്റെ ഭണ്ഡാരത്തിന്റെ താക്കോൽ നഷ്ടമായിട്ട് 6 വർഷമായി. താക്കോൽ തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ടാവും’– മോദി ആരോപിച്ചു. 

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ  വി.കെ.പാണ്ഡ്യനെതിരെയാണ് മോദി ഒളിയമ്പെയ്തത്. അതേസമയം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാകട്ടെ, പാണ്ഡ്യനെ പേരുപറഞ്ഞുതന്നെ ആക്രമിച്ചു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ കിട്ടിയതെങ്ങനെ എന്ന കാര്യത്തിലും അത് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നതിലും മോദി സംശയം പ്രകടിപ്പിച്ചു.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ബിജെപിയുടെ  പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും ജുഡീഷ്യൽ റിപ്പോർട്ട് പുറത്തുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു.  

ക്ഷേത്ര നിയമാവലി അനുസരിച്ച് ഭണ്ഡാരം 3 വർഷത്തിലൊരിക്കലാണ് തുറന്നുപരിശോധിക്കുന്നത്. കഴിഞ്ഞ മാസം ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ട് പ്രകാരം 149.47 കിലോ സ്വർണവും 198.79 കിലോ വെള്ളിയും ഭണ്ഡാരത്തിലുണ്ട്.

തെറ്റി, മോദിയാണ് ജഗന്നാഥന്റെ ഭക്തൻ: സംബിത് പത്ര

ഭുവനേശ്വർ ∙ ‘പുരി ജഗന്നാഥൻ പോലും പ്രധാനമന്ത്രി മോദിയുടെ ഭക്തനാണെ’ന്ന വിവാദ പരാമർശം നാക്കുപിഴയാണെന്നും പശ്ചാത്താപമായി 3 ദിവസം ഉപവസിക്കുമെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. വിവിധ കോണുകളിൽ നിന്ന് വലിയ വിമർശനം ഉണ്ടായതോടെ പുരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ സംബിത് പത്ര അങ്കലാപ്പിലായിരുന്നു. ‘മോദി ഭഗവാൻ ജഗന്നാഥന്റെ ഭക്തനാണെ’ന്ന് പറയാനാണ് ഉദ്ദേശിച്ചതെന്ന് പത്ര പറഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പു കഴിയും വരെ പത്ര ഉപവാസത്തിലായിരിക്കും. 25നാണ് ഇവിടെ വോട്ടെടുപ്പ്. 

മുഖ്യമന്ത്രി നവീൻ പട്നായിക് തന്നെ സംബിത് പത്രയുടെ പരാമർശത്തെ അപലപിച്ചതോടെയാണ് വിവാദം കത്തിപ്പടർന്നത്. ഒഡീഷയുടെ അഭിമാനത്തെ മുറിവേൽപ്പിച്ചെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാളും അപലപിച്ചു. 

ഇതിനിടെ, പുരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ജയനാരായൺ പട്നായിക് പൊലീസിൽ പരാതിയും നൽകി. മുൻ മുംബൈ പൊലീസ് കമ്മിഷണറായ അരുപ് പട്നായിക് ആണ് ഇവിടെ ബിജെഡി സ്ഥാനാർഥി. ബിജെഡിയുടെ പിനാകി മിശ്രയോട് കഴിഞ്ഞതവണ പതിനായിരത്തോളം വോട്ടുകൾക്കാണ് സംബിത് പത്ര തോറ്റത്.

English Summary:

Lost key of Puri Jagannath temple heats up Odisha politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com