രാജ്യസുരക്ഷ പ്രധാനം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി
Mail This Article
ന്യൂഡൽഹി ∙ ഭീകരപ്രവർത്തനം നടത്തിയതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടി 8 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച മദ്രാസ് ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. രാജ്യസുരക്ഷയാണു പരമപ്രധാനമെന്ന് വ്യക്തമാക്കിയാണു നടപടി. കേരളത്തിൽ അടക്കം ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരണം നടത്തിയെന്നും നോട്ടപ്പുള്ളികളാക്കി ആർഎസ്എസ്, ഹിന്ദുസംഘടനാ നേതാക്കളുടെ ചിത്രം സൂക്ഷിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
-
Also Read
നിജ്ജാർ വധം: 4 പ്രതികളും കോടതിയിൽ
ഫണ്ട് ശേഖരണത്തിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു വ്യക്തമാക്കിയാണു ബെഞ്ച് ജാമ്യം റദ്ദാക്കിയത്. ഹിംസാത്മകമോ അല്ലാത്തതോ ആയ എല്ലാത്തരം ഭീകരപ്രവർത്തനവും നിയന്ത്രിക്കേണ്ടതാണെന്നും ജഡ്ജിമാരായ ബേല എം.ത്രിവേദി, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കേസിലെ വിചാരണ വേഗത്തിലാക്കണമെന്നും നിർദേശിച്ചു.
കഴിഞ്ഞ വർഷം അവസാനമാണ് പിഎഫ്ഐ രാമനാഥപുരം ജില്ലാ അധ്യക്ഷനായിരുന്ന ബറക്കത്തുല്ല, മീഡിയ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന എം.എ.അഹമ്മദ് ഇദ്രിസ്, മധുര ജില്ലാ പ്രസിഡന്റായിരുന്ന മുഹമ്മദ് അബുതാഹിർ, സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന ഖാലിദ് മുഹമ്മദ്, മധുര ജില്ലാ സെക്രട്ടറിയായിരുന്ന സയ്യിദ് ഇസ്ഹാഖ്, ജനസമ്പർക്ക ചുമതലയുണ്ടായിരുന്ന ഖാജ മുഹയുദ്ദീൻ, മധുര മേഖല സെക്രട്ടറിയായിരുന്ന യാസർ അറാഫത്ത്, കടലൂർ ജില്ലാ പ്രസിഡന്റായിരുന്ന ഫയാസ് അഹമ്മദ് എന്നിവർക്ക് മദ്രാസ് ഹൈക്കോടതി ജാമ്യം നൽകിയത്. നടപടിക്കെതിരെ കേന്ദ്ര സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിനു പുറമേ, തമിഴ്നാട്, യുപി എന്നിവിടങ്ങളിലടക്കം ഭീകരവാദ പ്രവർത്തനം ഉദ്ദേശിച്ചു ഫണ്ട് ശേഖരണം നടത്തിയെന്നതാണ് ആരോപണം.