തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു പാർട്ടിയുടെ ഏജന്റല്ല; ഓർമിപ്പിച്ച് കോൺഗ്രസ്
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കൾ വർഗീയവും തരംതാണതുമായ പ്രചാരണമാണു നടത്തുന്നതെന്നും അതിനെതിരെ കർശന നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. കമ്മിഷൻ രാജ്യത്തിന്റേതാണെന്നും ഏതെങ്കിലുമൊരു പാർട്ടിയുടെ ഏജന്റല്ലെന്നും കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി ഓർമിപ്പിച്ചു.
പ്രചാരണത്തിനെതിരെ കോൺഗ്രസ് പരാതി നൽകി ഒരു മാസത്തിനു ശേഷമാണു കമ്മിഷൻ ഇടപെട്ടത്. ഒരു മാസത്തോളം വർഗീയ പ്രചാരണം തുടർന്ന പ്രധാനമന്ത്രിയുടെ പേരെടുത്തു പരാമർശിക്കാൻ പോലും കമ്മിഷൻ തയാറായില്ല. പ്രചാരണത്തിൽ മിതത്വം പാലിക്കണമെന്നു കാട്ടി ബിജെപി അധ്യക്ഷനു നൽകിയതിനു സമാനമായ നിർദേശം കോൺഗ്രസ് പ്രസിഡന്റിനും നൽകിയത് എന്തിനാണ്? നിലവിലെ തിരഞ്ഞെടുപ്പ് കളത്തിൽ എല്ലാവർക്കും തുല്യഅവസരമാണു ലഭിക്കുന്നതെന്നു കമ്മിഷൻ കരുതുന്നുണ്ടോയെന്നും സിങ്‌വി ചോദിച്ചു.