വോട്ടുവിവരം: കേസ് ഇന്ന് സുപ്രീം കോടതിയിൽ; ബൂത്തിൽ എത്രവോട്ട്? അറിയാൻ വകുപ്പുണ്ട്!
Mail This Article
ന്യൂഡൽഹി ∙ ഓരോ ബൂത്തിലും രേഖപ്പെടുത്തുന്ന വോട്ടുകളുടെ പൂർണവിവരം അടങ്ങുന്ന ‘ഫോം 17സി’ അതേപടി പ്രസിദ്ധീകരിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം പുതിയതലത്തിലേക്ക്. സുതാര്യത ഉറപ്പാക്കാൻ അവ പൂർണമായി പരസ്യപ്പെടുത്തണമെന്ന വാദമാണ് പ്രതിപക്ഷ പാർട്ടികളും സുപ്രീം കോടതിയിലെ ഹർജിക്കാരായ കോമൺ കോസും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും ഉന്നയിച്ചത്. എന്നാൽ, അത്തരമൊരു ആവശ്യം നിയമപരമായി അവകാശപ്പെടാനാകില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ സത്യവാങ്മൂലത്തിലൂടെ ന്യായീകരിച്ചതോടെ വൻപ്രതിഷേധം ഉയർന്നു.
യഥാർഥ പോളിങ് വിവരങ്ങൾ പുറത്തുവിടാത്തതു ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണു പുതിയ നീക്കമെന്നു പ്രതിപക്ഷ നേതാക്കളും വിമർശിച്ചു. വിഷയം അവധിക്കാല ബെഞ്ചിന്റെ മുൻപാകെ ഇന്നു പരിഗണനയ്ക്കു വരുമ്പോൾ സുപ്രീം കോടതി കൈക്കൊള്ളുന്ന നിലപാട് തിരഞ്ഞെടുപ്പിൽ സുപ്രധാനമാകും.
∙ കമ്മിഷന്റെ വാദം
ഫോം 17സി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം തള്ളിയ കമ്മിഷൻ അതിനു ന്യായീകരണമായി പറയുന്നത് അത്തരമൊരു വ്യവസ്ഥയില്ലെന്നാണ്. ഒപ്പം, ഫോം 17സി അതേപടി പ്രസിദ്ധീകരിച്ചാൽ അവ മോർഫ് ചെയ്ത് കണക്കുകളിൽ കള്ളത്തരം സൃഷ്ടിക്കാൻ ആർക്കും കഴിയുമെന്നും അത് വിശ്വാസ്യതയെ തകർക്കുമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. ചട്ടപ്രകാരം, നിലവിൽ ഫോം 17സി സ്ട്രോങ് റൂമിലാണു സൂക്ഷിക്കുന്നത്. പകർപ്പ് സ്ഥാനാർഥികളുടെ ഏജന്റുമാർക്കു കൈമാറുന്നുമുണ്ട്. അതുകൊണ്ട് ഫോം 17സി ബന്ധപ്പെട്ട ആൾക്കു ലഭ്യമാണ്.
∙ രാഷ്ട്രീയവിവാദം
വോട്ടെടുപ്പു കഴിഞ്ഞപാടെ പുറത്തുവരുന്ന കണക്കും ദിവസങ്ങൾ കഴിഞ്ഞ് അതേ വോട്ടെടുപ്പിന്റെ യഥാർഥ പോളിങ് എന്ന നിലയിൽ കമ്മിഷൻ പുറത്തുവിടുന്ന കണക്കും തമ്മിൽ വലിയ അന്തരമുണ്ടാകുന്നതാണു പ്രശ്നം. രാഷ്ട്രീയ പാർട്ടികൾ അതിൽ ദുരൂഹത ആരോപിച്ചു. ഫോം 17സി പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന നിലപാട് കമ്മിഷൻ എടുത്തതോടെ ദുരൂഹത കൂടിയെന്നാണ് പാർട്ടികളുടെയും നിയമവിദഗ്ധരുടെയും പ്രതികരണം. കമ്മിഷന്റെ വാദം ഞെട്ടലുണ്ടാക്കിയെന്നും കമ്മിഷനെ എങ്ങനെ വിശ്വസിക്കുമെന്നും രാജ്യസഭാംഗവും അഭിഭാഷകനുമായ കപിൽ സിബൽ പ്രതികരിച്ചു. നടപടിയിലൂടെ ഭരണഘടനാ ഉത്തരവാദിത്തം കമ്മിഷൻ മറന്നെന്നു കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വിയും ആരോപിച്ചു.
∙ കോടതിയും നിയമപ്രശ്നവും
പോളിങ് ഏജന്റല്ലാതെ മറ്റാർക്കും ഫോം 17സി കാണാൻ അധികാരമില്ലെന്ന വാദം ശരിയല്ലെന്നാണു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പു രേഖകൾ പരിശോധിക്കാനും പകർപ്പെടുക്കാനും തിരഞ്ഞെടുപ്പു നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടത്തിലെ 93–ാം വകുപ്പു വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കമ്മിഷന്റെ വിശ്വാസ്യത തകർക്കാൻ ഓരോ ഗൂഢസിദ്ധാന്തങ്ങൾ നിക്ഷിപ്ത താൽപര്യക്കാർ കോടതിയിൽ സ്വീകരിക്കുന്നെന്നാണു തിരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിച്ച നിലപാട്. പൂർണവിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ എന്താണു കുഴപ്പമെന്ന ചോദ്യം ചീഫ് ജസ്റ്റിസ് തന്നെ ഉന്നയിച്ചപ്പോഴായിരുന്നു പ്രതികരണം.