വി.കെ.സക്സേന നൽകിയ കേസ്: മേധ പട്കർ കുറ്റക്കാരിയെന്ന് കോടതി
Mail This Article
ന്യൂഡൽഹി ∙ ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന നൽകിയ അപകീർത്തിക്കേസിൽ നർമദ ബചാവോ ആന്ദോളൻ നേതാവ് മേധ പട്കർ കുറ്റക്കാരിയെന്നു കോടതി. 2001ൽ നൽകിയ കേസിലാണു ഡൽഹി സാകേത് കോടതിയിലെ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് രാഘവ് ശർമയുടെ വിധി.
അഹമ്മദാബാദ് കേന്ദ്രമായ നാഷനൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ് എന്ന സന്നദ്ധ സംഘടനയുടെ മേധാവിയായി സക്സേന പ്രവർത്തിക്കുന്ന കാലത്താണു മേധ പട്കറുമായി നിയമയുദ്ധം ആരംഭിക്കുന്നത്. തനിക്കും സംഘടനയ്ക്കുമെതിരെ സക്സേന പരസ്യം നൽകിയതു ചോദ്യം ചെയ്തു മേധ കേസ് നൽകിയിരുന്നു. മാധ്യമങ്ങളിലൂടെ മേധ തന്നെ അപകീർത്തിപ്പെടുത്തിയെന്നു കാട്ടി പിന്നാലെ സക്സേനയും കോടതിയെ സമീപിച്ചു.
‘ഒരു ദേശസ്നേഹിയുടെ യഥാർഥ മുഖം’ എന്ന തലക്കെട്ടിൽ 2000 നവംബർ 25നു മേധ പട്കർ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് തന്നെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു പരാതി. ആദ്യം അഹമ്മദാബാദിലാണു കോടതി നടപടികൾ ആരംഭിച്ചെങ്കിലും 2003 ഫെബ്രുവരിയിൽ ഇതു സാകേത് കോടതിയിലേക്കു മാറ്റി. സക്സേനയ്ക്കെതിരെ ഹവാല ഇടപാടുകൾ ആരോപിച്ചുവെങ്കിലും ഇക്കാര്യങ്ങൾ തെളിയിക്കാനുള്ള രേഖകൾ സമർപ്പിക്കാൻ സാധിച്ചില്ലെന്നു കോടതി വിലയിരുത്തി.
പത്രക്കുറിപ്പിൽ സക്സേനയെ ഭീരുവെന്നു വിശേഷിപ്പിച്ചുവെന്നും അതു വ്യക്തിപരമായ ആക്ഷേപമാണെന്നും വിലയിരുത്തിയാണ് കോടതി കുറ്റക്കാരിയെന്നു വിധിച്ചത്. 2 വർഷം വരെ തടവോ പിഴയോ ഇതു രണ്ടുമോ ലഭിക്കാവുന്ന കുറ്റമാണു മേധയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷയുമായി ബന്ധപ്പെട്ട വാദം 30ന് ആരംഭിക്കും.