ലൈംഗിക പീഡന വിവാദം: പ്രജ്വലിന് നോട്ടിസ് അയച്ച് വിദേശകാര്യ മന്ത്രാലയം
Mail This Article
ബെംഗളൂരു∙ ലൈംഗിക പീഡന വിവാദത്തെ തുടർന്ന് രാജ്യംവിട്ട ജനതാദൾ എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാതിരിക്കാൻ കാരണം തേടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇ–മെയിലായി നോട്ടിസയച്ചു. നയതന്ത്ര പാസ്പോർട്ട് റദ്ദായാൽ പ്രജ്വൽ ഒളിവിൽ കഴിയുന്ന വിദേശ രാജ്യത്തെ അനധികൃത താമസക്കാരനാകും. നിയമനടപടികൾക്കും വിധേയനാകേണ്ടി വരും. പാസ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക സർക്കാർ വിദേശകാര്യമന്ത്രാലയത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സിദ്ദരാമയ്യ രണ്ടു തവണ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതുകയും ചെയ്തിരുന്നു.
പീഡന ദൃശ്യങ്ങളടങ്ങിയ മൂവായിരത്തോളം വിഡിയോകൾ ചോർന്നതിനെ തുടർന്ന് രാഷ്ട്രീയ അനുമതി തേടാതെയാണ് ഏപ്രിൽ 26ന് പ്രജ്വൽ രാജ്യം വിട്ടത്. ഇയാൾക്കെതിരെ പുറപ്പെടുവിച്ച ബ്ലൂ കോർണർ നോട്ടിസ് ഇന്റർപോൾ 196 രാജ്യങ്ങൾക്കു കൈമാറിയിട്ടുണ്ട്. ഇതിനിടെ, പിതൃസഹോദര പുത്രനായ പ്രജ്വലിനോട് മടങ്ങിയെത്തി അന്വേഷണം നേരിടാൻ ദൾ യുവജന ഘടകം സംസ്ഥാന പ്രസിഡന്റ് നിഖിൽ ഗൗഡയും ആവശ്യപ്പെട്ടു. ദൾ സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമിയുടെ മകനാണ് നിഖിൽ. പ്രജ്വലിനോട് തിരിച്ചു വരണമെന്ന് കഴിഞ്ഞ ദിവസം ദേവെഗൗഡയും ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, പ്രജ്വലിന്റെ മാതാവ് ഭവാനി രേവണ്ണയുടെ ഡ്രൈവർ അജിത്തിന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നോട്ടിസ് അയച്ചു. പ്രജ്വൽ പീഡിപ്പിച്ച മൈസൂരു സ്വദേശിനിയായ വീട്ടുജോലിക്കാരിയെ പിതാവ് എച്ച്.ഡി. രേവണ്ണ തട്ടിക്കൊണ്ടു പോയെന്ന കേസിലാണിത്. തന്നെ തട്ടിക്കൊണ്ടു പോയതല്ലെന്ന സ്ത്രീയുടെ വിഡിയോ അജിത് ചിത്രീകരിച്ചതാണെന്നാണു പൊലീസ് സംശയിക്കുന്നത്.