ADVERTISEMENT

ന്യൂഡൽഹി ∙ ബൂത്ത് അടിസ്ഥാനത്തിൽ വോട്ടുകളുടെ പൂർണ വിവരം പൊതുജനങ്ങൾക്കായി വെബ്സൈറ്റിൽ പരസ്യപ്പെടുത്തണമെന്ന ആവശ്യത്തിൽ അടിയന്തര ഇടപെടൽ നടത്താതെ പിന്നീടു പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിവച്ചു. വോട്ടെടുപ്പ് അന്തിമഘട്ടത്തിൽ എത്തിയതിനാൽ തൽക്കാലം തിരഞ്ഞെടുപ്പു കമ്മിഷനെ വിശ്വസിച്ചു മുന്നോട്ടുപോകാമെന്നും വോട്ടെടുപ്പു നടപടിയെ ബാധിക്കാതിരിക്കാനാണിതെന്നും ജഡ്ജിമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് പറഞ്ഞു. 

ഫലത്തിൽ ജൂലൈ 8 വരെയുള്ള വേനലവധിക്കു ശേഷമേ വിഷയം പരിഗണിക്കൂ എന്നു വ്യക്തമായി. സന്നദ്ധസംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) ഉപഹർജി സ്ഥിരം ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയും ചെയ്തു. അപേക്ഷയിൽ എഡിആർ ഉന്നയിക്കുന്ന പല കാര്യങ്ങളും 2019 മുതൽ കോടതിയുടെ പരിഗണനയിലുള്ള ഹർജിയിലുള്ളതാണെന്ന് വാദത്തിനിടെ അവധിക്കാല ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതോടെ, പോളിങ് ശതമാനം സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളും ഹർജിക്കാരും ഉന്നയിച്ച ആശങ്കകൾക്കു തിരഞ്ഞെടുപ്പു ഫലം വരുമ്പോഴും പരിഹാരമുണ്ടാകില്ല. ഒന്നര മണിക്കൂറോളം പ്രാഥമിക വാദം കേട്ടശേഷമാണ് ഹർജി സ്ഥിരം ബെഞ്ച് പരിഗണിക്കട്ടെയെന്നു ജസ്റ്റിസ് ദീപാങ്കർ ദത്ത വ്യക്തമാക്കിയത്. 

വോട്ടിങ് യന്ത്രത്തിന്റെയും വിവിപാറ്റിന്റെയും (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയ്ൽ) വിശ്വാസ്യത ചോദ്യം ചെയ്തുള്ള കേസിൽ സുപ്രീം കോടതി വിശദമായി പരിശോധിച്ച കാര്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വാദിച്ചു. 

  • Also Read

ഓരോ ബൂത്തിലും രേഖപ്പെടുത്തുന്ന വോട്ടുകളുടെ പൂർണവിവരമടങ്ങുന്ന ഫോം 17സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ആവശ്യത്തെ എതിർക്കുകയും ചെയ്തു. ഹർജിക്കാരുടെ ഉദ്ദേശ്യശുദ്ധി വരെ ചോദ്യം ചെയ്തായിരുന്നു കമ്മിഷന്റെ വാദം. കമ്മിഷൻ വോട്ടിങ് ശതമാനം പ്രസിദ്ധീകരിക്കുന്നതിൽ വന്ന കാലതാമസം കാരണമാണ് ഇപ്പോഴത്തെ ഹർജിയെന്ന് എഡിആർ വിശദീകരിച്ചു. 

ഉപഹർജി പുതിയ പശ്ചാത്തലത്തിൽ

പോളിങ് ശതമാനത്തിലെ അപാകത ചൂണ്ടിക്കാട്ടി എഡിആറും തൃണമൂൽ മുൻ എംപി മഹുവ മൊയ്ത്രയും 2019ൽ തന്നെ സുപ്രീം കോടതിയെ സമീപിച്ചതാണ്. ഈ ഹർജി കോടതിയിൽ നിലനിൽക്കെയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പു സംബന്ധിച്ച് ആശങ്ക ഉന്നയിച്ച് എഡിആർ ഉപഹർജി നൽകിയത്. കൃത്യമായ പോളിങ് ശതമാനം പുറത്തുവരുന്നില്ലെന്നും അതു പുറത്തുവിടുന്നത് അകാരണമായി വൈകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഫോം 17സി 48 മണിക്കൂറിനകം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. 

ഇക്കാര്യം നിയമപരമായി അവകാശപ്പെടാനാകില്ലെന്നും ഫോം 17സി പ്രസിദ്ധീകരിച്ചാൽ അതു മോർഫ് ചെയ്യപ്പെടാനിടയുണ്ടെന്നുമാണ് കഴിഞ്ഞദിവസം നൽകിയ സത്യവാങ്മൂലത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ പറയുന്നത്.

English Summary:

Petition seeking publication of the complete vote record adjourned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com