മോദിയുടെ വരവ്: ചെലവിൽ തർക്കിച്ച് കേന്ദ്രവും കർണാടകയും; 80 ലക്ഷം കിട്ടാൻ ഹോട്ടൽ കോടതിയിലേക്ക്
Mail This Article
ബെംഗളൂരു∙ കഴിഞ്ഞവർഷം ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും റൂമെടുത്തു താമസിച്ചതിന്റെ ബില്ലായ 80.6 ലക്ഷം രൂപ ഇനിയും അടയ്ക്കാത്തതിനാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മൈസൂരുവിലെ റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടൽ അറിയിച്ചു. ഇത്രയും വൈകിയതിനാൽ 18% പലിശ സഹിതം 12.09 ലക്ഷം രൂപ കൂടി അധികമായി നൽകണമെന്നും ജൂൺ ഒന്നിനു മുൻപ് 92.69 ലക്ഷം രൂപ നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നുമാണ് ഹോട്ടൽ അധികൃതരുടെ നിലപാട്.
2023 ഏപ്രിൽ 9ന് കടുവ സെൻസസ് പ്രഖ്യാപനത്തിനായെത്തിയ പ്രധാനമന്ത്രിയുടെ ഹോട്ടൽ ബിൽ ആരുകൊടുക്കുമെന്നതിന്റെ പേരിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കം മുറുകിയതോടെയാണ് ഒരുവർഷം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ തീരുമാനമാകാത്തത്. ബന്ദിപ്പുർ ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ 50ാം വാർഷികത്തോട് അനുബന്ധിച്ചുള്ള പരിപാടി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും (എൻടിസിഎ) കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ചേർന്നാണു സംഘടിപ്പിച്ചത്.
നടത്തിപ്പു ചുമതല കർണാടക വനംവകുപ്പിനായിരുന്നു. മുഴുവൻ ചെലവും കേന്ദ്രം വഹിക്കാമെന്ന ധാരണയിൽ മോദിയുടെ സന്ദർശനത്തിന് ഉൾപ്പെടെ 3 കോടി രൂപ ബജറ്റും നിശ്ചയിച്ചു. എന്നാൽ, മൊത്തം 6.33 കോടി രൂപ ചെലവായി. ഇതിൽ 3 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ബാക്കി തുകയ്ക്കായി പലവട്ടം കത്ത് അയച്ചതിനു പിന്നാലെ, ഈ ഫെബ്രുവരിയിലാണ് ഹോട്ടൽ ബിൽ സംസ്ഥാനം വഹിക്കണമെന്ന് എൻടിസിഎ അറിയിച്ചത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനിടെ നടന്ന പരിപാടിയുടെ പൂർണ ഉത്തരവാദിത്തം എൻടിസിഎക്കായിരുന്നെന്നും സംസ്ഥാന സർക്കാരിന് ഒരു പങ്കുമില്ലായിരുന്നെന്നും കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രതികരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ പലവട്ടം എൻടിസിഎയെ സമീപിച്ചെങ്കിലും കുടിശിക തുക ലഭിച്ചില്ല. പ്രശ്നം സൗഹാർദപരമായി പരിഹരിക്കാനാണു ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു. മൈസൂരുവിലെത്തിയ പ്രധാനമന്ത്രി തമിഴ്നാട്ടിലെ മുതുമലൈ കടുവാ സങ്കേതവും സന്ദർശിച്ചിരുന്നു.