മുസ്‌ലിം സംവരണത്തിന് ഇന്ത്യാസഖ്യം ഭരണഘടന മാറ്റും: പ്രധാനമന്ത്രി നരേന്ദ്ര മോദി
Mail This Article
ന്യൂഡൽഹി ∙ പ്രതിപക്ഷ ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ അവർ ഭരണഘടന മാറ്റി മുസ്‌ലിം സംവരണം കൊണ്ടുവരുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്‌ലിംകൾക്കു സംവരണം നൽകാനായി കോടതിക്കു പോലും മാറ്റാനാവാത്ത വിധം ഭരണഘടനാ ഭേദഗതി വരുത്താനാണു ശ്രമം. അല്ലെങ്കിൽ അതു പ്രതിപക്ഷം എഴുതിത്തരട്ടേയെന്നു ബിഹാറിലും യുപിയിലും തിരഞ്ഞെടുപ്പു പൊതുയോഗങ്ങളിൽ മോദി പറഞ്ഞു.
മുസ്‌ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ ഇന്ത്യാസഖ്യം ‘മുജ്‌റ’(നൃത്തം) കളിക്കുകയാണ്. വോട്ടുബാങ്കിനു വേണ്ടി അടിമത്തമാണ് അവർ കാണിക്കുന്നതെന്നും ദലിതർക്കും പിന്നാക്കക്കാർക്കുമുള്ള സംവരണം എടുത്തുകളയാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെയും പഞ്ചാബിലെയും കോൺഗ്രസ് നേതാക്കളും തമിഴ്നാട്ടിലെ ഡിഎംകെയും ബംഗാളിലെ ടിഎംസിയും ബിഹാറിലെ അതിഥിത്തൊഴിലാളികളെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തുകയാണെന്നു പ്രധാനമന്ത്രി ആരോപിച്ചു. ആർജെഡിക്ക് അതിനെതിരെ മിണ്ടാൻ ധൈര്യമില്ല.
വോട്ട് ജിഹാദിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പിന്തുണയാണ് ഇന്ത്യാമുന്നണി ആശ്രയിക്കുന്നതെന്ന് യുപിയിലെ യോഗത്തിൽ മോദി പറഞ്ഞു. കോൺഗ്രസ് ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കാതിരിക്കാൻ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷ മുന്നണിയുടെ പരാജയം ഉറപ്പാണെന്നു മോദി പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപേ എക്സിറ്റ് പോളുകളുമായി എൻഡിഎയ്ക്കു സീറ്റു കുറയുമെന്നാണ് ചിലർ പറയുന്നത്.
വൈകാതെ അവർ വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചു പറഞ്ഞു കരയും. കോൺഗ്രസിലെ രാജകുടുംബം സകല പഴിയും മല്ലികാർജുൻ ഖർഗെയുടെ തലയിൽവച്ച് വിദേശത്തേക്ക് അവധിക്കാലം ചെലവഴിക്കാൻ പോകുമെന്നും പരിഹസിച്ചു. പൊതുയോഗത്തിനു വരാൻ കഴിയാത്തവരോടു ജയ്ശ്രീരാം പറയാനും ക്ഷേത്രങ്ങളിൽ വികസിത ഭാരത നിർമാണത്തിന് തനിക്കു വേണ്ടി പ്രാർഥിക്കാനും മോദി ആവശ്യപ്പെട്ടു.