ADVERTISEMENT

ന്യൂഡൽഹി ∙ ആശുപത്രിക്കെട്ടിടത്തിനു തീപിടിച്ച് 7 നവജാത ശിശുക്കൾ മരിച്ച കേസിൽ അറസ്റ്റിലായ 2 പേരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആശുപത്രിയുടമ ഡോ. നവീൻ കിച്ചി (45), സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആകാശ് (25) എന്നിവരെ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് വിധി ഗുപ്ത ആനന്ദാണ് പൊലീസിന്റെ ആവശ്യം അംഗീകരിച്ചു 3 ദിവസത്തേക്കു കസ്റ്റഡിയിൽ വിട്ടത്.

ഇവിടെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ യോഗ്യതയുള്ളവരായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബിഎഎംഎസ് ബിരുദധാരികളായ ആയുർവേദ ഡോക്ടർമാരാണു നവജാതശിശുക്കളെ ചികിത്സിച്ചിരുന്നത്. ഡോ. നവീൻ കിച്ചിക്ക് പീഡിയാട്രിക് മെഡിസിനിൽ എംഡി ബിരുദമുണ്ട്്. എന്നാൽ, ഇയാൾക്കൊപ്പം ഇവിടെ ജോലി ചെയ്തിരുന്ന ഭാര്യ ജാഗ്രിതി ദന്ത ഡോക്ടറാണ്.

മരിച്ച 7 കുട്ടികളിൽ ഒരാൾ തീപിടിത്തത്തിനു മുൻപേ അണുബാധ മൂലം മരിച്ചതാണെന്നു പൊലീസ് പറഞ്ഞു. മരിച്ചവരിൽ 4 ആൺകുട്ടികളും 3 പെൺകുട്ടികളുമാണ്. ഇതിൽ ഒരാൾ മാത്രം ജനിച്ചിട്ട് 25 ദിവസമായിരുന്നു. ബാക്കി ഒന്നു മുതൽ 15 ദിവസത്തെ ഇടവേളകളിൽ ജനിച്ചവരാണ്.

കഴിഞ്ഞ 2 മാസമായി ലൈസൻസ് ഇല്ലാതെയാണ് കിഴക്കൻ ഡൽഹിയിലെ ദ് ന്യൂ ബോൺ ബേബി കെയർ ആശുപത്രി പ്രവർത്തിച്ചിരുന്നതെന്ന് ഡിസിപി സുരേന്ദ്ര ചൗധരി പറഞ്ഞു. ഡൽഹി സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് ആശുപത്രിക്കു നൽകിയിരുന്ന ലൈസൻസിന്റെ കാലാവധി മാർച്ച് 31ന് അവസാനിച്ചതാണ്. പുതുക്കാനുള്ള അപേക്ഷ മതിയായ രേഖകളില്ലാത്തതിനാൽ പരിഗണിച്ചില്ലെന്ന് ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.

ലൈസൻസ് വ്യവസ്ഥയനുസരിച്ച് ആശുപത്രിയിൽ 5 കിടക്കകൾക്കു മാത്രമാണ് അനുമതിയുള്ളത്. എന്നാൽ, അപകടസമയത്ത്  നിയോനേറ്റൽ ഐസിയു യൂണിറ്റിൽ 12 കുട്ടികളുണ്ടായിരുന്നു. ആശുപത്രിക്കെട്ടിടത്തിന് ഡൽഹി ഫയർ സർവീസിന്റെ നിരാക്ഷേപപത്രം ഇല്ലായിരുന്നു. ആശുപത്രി അധികൃതർ ഇതിനായി അപേക്ഷിച്ചിട്ടു പോലുമില്ലെന്ന് ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. കെട്ടിടത്തിന് എമർജൻസി എക്സിറ്റ് ഇല്ലാതിരുന്നതും രക്ഷാപ്രവർത്തനത്തിനു തടസ്സമായി.

English Summary:

More Irregularities Out on Delhi Hospital Fire issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com