ADVERTISEMENT

ന്യൂഡൽഹി ∙ ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 39ലെ ഹോട്ടലിൽ സംസ്ഥാന ആരോഗ്യവകുപ്പ് ഏപ്രിൽ ആദ്യവാരം റെയ്ഡ് നടത്തി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന ബംഗ്ലദേശ് പൗരനെയാണു മുറിയിൽ കണ്ടത്. വൃക്ക കൊടുത്തതും ബംഗ്ലദേശുകാരൻ തന്നെ. അയാളും മുറിയിലുണ്ടായിരുന്നു. ജാർഖണ്ഡ് സ്വദേശിയായ മുർത്തസ അൻസാരിയുടെ അവയവക്കടത്ത് റാക്കറ്റിന്റെ ഭാഗമായി ഇന്ത്യയിലെത്തിയവരായിരുന്നു ഇവർ. ജയ്പുരിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് വൃക്ക നൽകാൻ സന്നദ്ധനായ വ്യക്തി അൻസാരിയെ ബന്ധപ്പെട്ടത്. 2 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ചു. എന്നാൽ, വൃക്ക സ്വീകരിക്കുന്നയാളിൽനിന്ന് വാങ്ങിയത് 10 ലക്ഷവും. സംഭവത്തിനു പിന്നാലെ ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരിൽനിന്നു കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. 5 പേരാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

ഇന്ത്യക്കാരെ വിദേശത്തേക്കു കൊണ്ടുപോകുന്നതുപോലെ തന്നെ, വിദേശികളെ ഇന്ത്യയിൽ കൊണ്ടുവന്നു പല ആശുപത്രികളിലും ചട്ടവിരുദ്ധമായി അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സംഭവങ്ങൾ ഉത്തരേന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഡൽഹിയിലെ ഒരു ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ബ്രിട്ടിഷ് പത്രമായ ‘ദ് ടെലഗ്രാഫ്’ ആണ് ഡൽഹിയിലെ ആശുപത്രി ഈ റാക്കറ്റിന്റെ ഭാഗമാണെന്ന് റിപ്പോർട്ട് ചെയ്തത്. മ്യാൻമറിൽ നിന്നുള്ള ആളുകളെ ഇവിടെയെത്തിച്ചു ശസ്ത്രക്രിയ നടത്തിയെന്നാണ് ആരോപണം. കൃത്രിമ രേഖകളും വ്യാജ കുടുംബചിത്രങ്ങളും വരെ തയാറാക്കിയാണ് ഇതു സാധ്യമാക്കുന്നതെന്നാണ് ടെലഗ്രാഫ് റിപ്പോർട്ടിൽ പറഞ്ഞത്. ഇന്ത്യയിലെ നിയമമനുസരിച്ച് അപരിചിതരായവരിൽനിന്ന് അവയവങ്ങൾ സ്വീകരിക്കാനാകില്ല.

ഇന്ത്യയിൽ വിദേശികളുടെ അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ വൻ വർധനയുണ്ടായിട്ടുണ്ടെന്നും അടിയന്തരമായ നിരീക്ഷണം വേണമെന്നും അവയവദാനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ ഓർഗനൈസേഷൻ (നോട്ടോ) സംസ്ഥാനങ്ങൾക്കു കത്തയച്ചിരുന്നു.

ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്ക്: കേന്ദ്രം

രാജ്യത്തു നടക്കുന്ന അവയവക്കച്ചവടത്തെക്കുറിച്ചു കഴിഞ്ഞ ഓഗസ്റ്റ് 23നു ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ്, ആരോഗ്യമന്ത്രിയോടു ചോദിച്ചിരുന്നു. അവയവക്കച്ചവടം സംബന്ധിച്ചു സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക്, നിയമവിരുദ്ധ നടപടിയിൽ ഏർപ്പെടുന്ന ആശുപത്രികൾക്കെതിരെ എന്തു നടപടി തുടങ്ങിയവയാണു ചോദിച്ചത്.

ആരോഗ്യവും നിയമവും ക്രമസമാധാനവും സംസ്ഥാന വിഷയങ്ങളാണെന്നും അവയവക്കച്ചവടം തടയാനും നിയന്ത്രിക്കാനുമുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്നുമായിരുന്നു മറുപടി. അവയവക്കച്ചവടത്തെക്കുറിച്ച് ആരോഗ്യ മന്ത്രാലയത്തിൽ ലഭിക്കുന്ന പരാതികൾ സംസ്ഥാനങ്ങൾക്കു നൽകുകയാണു ചെയ്യുന്നതെന്നും കണക്കുകൾ കേന്ദ്രം സൂക്ഷിക്കാറില്ലെന്നും മറുപടിയിലുണ്ട്.

English Summary:

Some hospitals in North India are part of the organ trade racket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com