നെഹ്റുവിന്റെ ഓർമ പുതുക്കി പ്രധാനമന്ത്രി, ഖർഗെ, സോണിയ
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന് 60–ാ ചരമവാർഷിക ദിനത്തിൽ രാജ്യം ആദരാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും നെഹ്റുവിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമമർപ്പിച്ചു. ജനാധിപത്യത്തിന്റെ കാവൽഭടൻ ആയിരുന്നു നെഹ്റുവെന്ന് കോൺഗ്രസ് വിശേഷിപ്പിച്ചു.
ആധുനിക ഇന്ത്യയുടെ ശിൽപിയായ നെഹ്റുവിന്റെ താരതമ്യമില്ലാത്ത സംഭാവന ഉൾപ്പെടുത്തിയില്ലെങ്കിൽ രാജ്യത്തിന്റെ ചരിത്രം തന്നെ അപൂർണമാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലമായ ‘ശാന്തിവന’ത്തിൽ ഖർഗെയും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും പുഷ്പചക്രങ്ങൾ അർപ്പിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ജയറാം രമേഷും നെഹ്റുവിന്റെ സംഭാവനകൾ എടുത്തുപറഞ്ഞു.
നെഹ്റു 17 വർഷത്തെ ഭരണം കൊണ്ട് ശിലയിട്ട ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തിലാണ് നരേന്ദ്ര മോദിയെ പോലെ ‘ചായ വിറ്റു നടന്ന’ വ്യക്തിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതെന്നതിൽ അഭിമാനിക്കാമെന്ന് ശശി തരൂർ ചണ്ഡിഗഡിൽ പറഞ്ഞു. ജനാധിപത്യത്തിൽ എല്ലാവരെയും വിമർശിക്കാൻ സാധിക്കണം. അതേസമയം, ഇപ്പോൾ ഇന്ത്യയിൽ സർക്കാരിനെ വിമർശിക്കുന്നവരെ ദേശവിരുദ്ധരാക്കി വേട്ടയാടുകയാണെന്ന് തരൂർ വിമർശിച്ചു.