ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്കു നീങ്ങവെ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷൻ ആരാവുമെന്നതു സംബന്ധിച്ച ചർച്ചകൾക്കും ചൂടുപിടിച്ചു. നിലവിലെ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ കാലാവധി ജൂണിൽ‌ അവസാനിക്കും. ജനുവരിയിൽ അവസാനിക്കേണ്ടിയിരുന്ന കാലാവധി ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ നീട്ടുകയായിരുന്നു. 

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരുടെ പേരുകളാണ് പാർട്ടി വൃത്തങ്ങളിൽനിന്ന് ഉയരുന്നത്. ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ പേരുകളും കേൾക്കുന്നു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തിൽ നഡ്ഡ തന്നെ 2 വർഷം കൂടി തുടരാൻ സാധ്യതയുണ്ടെന്നും ശ്രുതിയുണ്ട്. 

5 തവണ ലോക്സഭാംഗവും 18 വർഷത്തോളം മുഖ്യമന്ത്രിയുമായിരുന്ന ശിവ്‌രാജ് സിങ് ചൗഹാന്റെ അനുഭവ സമ്പത്തുള്ളവർ ബിജെപിയിൽ കുറവാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി 12 വർഷമാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്. അടൽ ബിഹാരി വാജ്പേയി, സുഷമ സ്വരാജ് എന്നിവർ മത്സരിച്ചു ജയിച്ചുവന്ന വിദിശയിൽ നിന്ന് ചൗഹാൻ ഇത്തവണ വീണ്ടും ലോക്സഭയിലേക്കു മത്സരിക്കുന്നുണ്ട്. മധ്യപ്രദേശിൽ വൻ ജയം നേടിയ ശേഷം ചൗഹാനെ മുഖ്യമന്ത്രി പദത്തിൽനിന്നു മാറ്റിനിർത്തിയത് ദേശീയ രാഷ്ട്രീയത്തിൽ വലിയ സ്ഥാനം നൽകാനാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. 

ജനങ്ങളുമായുള്ള അടുത്ത ബന്ധവും സംഘാടന പാടവവും ശിവ്‌രാജ് ചൗഹാന് മുതൽക്കൂട്ടാണ്. ബിജെപിയുടെ മാധ്യമവിഭാഗം അടുത്തകാലത്തു ചൗഹാന്റെ പ്രചാരണപരിപാടികളും പങ്കുവച്ചു തുടങ്ങിയതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്നാഥ് സിങ്, ജെ.പി.നഡ്ഡ, അമിത് ഷാ എന്നിവരുടെ പരിപാടികൾ മാത്രമാണ് ഇതുവരെ പങ്കുവച്ചിരുന്നത്. 

സംസ്ഥാന ബിജെപി പ്രസിഡന്റും പാർട്ടി പാർലമെന്ററി ബോർഡ് അംഗവുമായിരുന്ന ചൗഹാനു പുറമേ ആർഎസ്എസിന്റെ ഉറച്ച പിന്തുണയുള്ള ധർമേന്ദ്ര പ്രധാന്റെ പേരും ഉയരുന്നുണ്ട്. മൂന്നാം മോദി മന്ത്രിസഭ അധികാരത്തിലേറുകയാണെങ്കിൽ ചൗഹാനു വലിയ സ്ഥാനം ലഭിക്കുമെന്നും പ്രധാൻ പാർട്ടി ചുമതലയിലേക്കു മാറുമെന്നുമുള്ള സംസാരവും ശക്തമാണ്. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്കു വലിയ നേട്ടമുണ്ടാക്കിയ ഹിമന്ത ബിശ്വ ശർമ മികച്ച സംഘാടകനാണെങ്കിലും ആർഎസ്എസ് പശ്ചാത്തലമില്ലാത്തതു തിരിച്ചടിയാണ്. ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര നേതൃത്വത്തിലേക്കു വരുന്നതു സംബന്ധിച്ചും രണ്ടഭിപ്രായമുണ്ട്. മഹാരാഷ്ട്രയിൽ നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ ഫഡ്‌നാവിസ് ഇല്ലാത്തത് ബിജെപിയുടെ സാധ്യതകൾക്കു തിരിച്ചടിയായേക്കുമെന്നു കരുതുന്നവരുണ്ട്. ബ്രാഹ്മണ വിഭാഗത്തിൽനിന്നുള്ള ഫഡ്നാവിസിന്റെ ഡൽഹിയിലേക്കുള്ള വരവ് മറ്റു പലരുടെയും രാഷ്ട്രീയഭാവിക്കു തിരിച്ചടിയുണ്ടാക്കുമോയെന്ന പിന്നാമ്പുറ സംസാരമുണ്ട്. 

ഹരിയാനയിൽ ഭരണത്തുടർച്ച നൽകിയ ഖട്ടറും മികച്ച സംഘാടകനെന്നു പേരെടുത്തയാളാണ്. ഖട്ടറിനെ അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയത് ദേശീയരാഷ്ട്രീയത്തിലേക്കു കൊണ്ടുവരാനാണെന്നു സൂചനകളുണ്ടായിരുന്നു. ഇത്തവണ ലോക്സഭയിലേക്കും മത്സരിക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിനു പുറമേ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലും നേതൃത്വത്തിൽ‌ അഴിച്ചുപണിയുണ്ടാകും. 

English Summary:

Discussions about who is the new national president of BJP have going on

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com