ADVERTISEMENT

ന്യൂഡൽഹി ∙ വിവാദ പൗരത്വ ഭേദഗതി നിയമ (സിഎഎ) പ്രകാരം ബംഗാൾ, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും പൗരത്വ സർട്ടിഫിക്കറ്റ് വിതരണ നടപടികൾ തുടങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവർത്തിക്കുന്നതിനിടെയാണു നടപടി. അപേക്ഷകർക്ക് അതതു സംസ്ഥാനങ്ങളിലെ സമിതികൾ പൗരത്വം നൽകിയതായി കേന്ദ്രം വ്യക്തമാക്കി. 

മറ്റന്നാൾ നടക്കുന്ന അവസാന ഘട്ട വോട്ടെടുപ്പിൽ ബംഗാളിൽനിന്നുള്ള 9 മണ്ഡലങ്ങളുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ 6 ദിവസം മാത്രം ബാക്കിനിൽക്കെ മാർച്ച് 11നാണ് സിഎഎ നടപ്പാക്കാനുള്ള ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തത്. 

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നശേഷം  ഡൽഹിയിൽനിന്നുള്ള അപേക്ഷകർക്കാണ് ഈ മാസം 15ന് ആദ്യ പൗരത്വ സർട്ടിഫിക്കറ്റുകൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിതരണം ചെയ്തത്. മുന്നൂറിലേറെ പേർക്ക് ഇന്ത്യൻ പൗരത്വം നൽകിയതായും സർക്കാർ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇസ്‍ലാം ഒഴികെ 6 മതങ്ങളിൽപെട്ടവർക്കാണ് സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കാൻ അർഹതയുള്ളത്.

അനധികൃത കുടിയേറ്റക്കാർക്ക് തൃണമൂൽ കൂട്ട്: മോദി

കൊൽക്കത്ത ∙ നുഴഞ്ഞുകയറ്റം മൂലം ബംഗാൾ അതിർത്തിയിലെ ജനസംഖ്യാനില മാറുകയാണെന്നും ബംഗ്ലദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർക്കു  താമസം അനുവദിക്കുന്ന നയമാണു തൃണമൂൽ പിന്തുടരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പു റാലിയിൽ ആരോപിച്ചു. സംസ്ഥാനത്ത് യഥാർഥ ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ മുസ്‌ലിംകൾക്കു കൊടുക്കുകയാണെന്നും 6 മാസത്തിനകം ‘വൻ രാഷ്ട്രീയ ഭൂകമ്പം’ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Government of India starts granding citizenship under CAA in Bengal, Haryana and Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com