മണ്ഡിയിൽ യമണ്ടൻ പോര്; ബോളിവുഡ് നടി കങ്കണ റനൗട്ടിനെ ഇറക്കി ബിജെപി
Mail This Article
തീപാറും പോരാട്ടം നടക്കുന്ന മണ്ഡിയിൽ കോൺഗ്രസിനും ബിജെപിക്കും തീർക്കാൻ കണക്കുകളേറെയുണ്ട്. കോൺഗ്രസിന്റെ കയ്യിലുള്ള മണ്ഡലം പിടിച്ചെടുക്കാൻ കച്ചമുറുക്കിയാണ് ബിജെപി രംഗത്തുള്ളത്. മണ്ഡി സ്വദേശിയായ ബോളിവുഡ് നടി കങ്കണ റനൗട്ടിനെ ബിജെപി സ്ഥാനാർഥിയാക്കിയതോടെ കോൺഗ്രസിനു വാശികൂടി. ഗാന്ധികുടുംബത്തിന്റെ രൂക്ഷവിമർശകയായ കങ്കണയുടെ തോൽവിയുറപ്പാക്കാൻ സംസ്ഥാനത്ത് തങ്ങളുടെ ഏറ്റവും കരുത്തുറ്റ നേതാവിനെത്തന്നെ അവർ രംഗത്തിറക്കി – മുൻമുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ്.
പറന്ന് പ്രചാരണം
പ്രചാരണം ഇന്നു തീരാനിരിക്കെ, പരമാവധി സ്ഥലങ്ങളിലെത്താൻ സ്ഥാനാർഥികൾ കുതിക്കുകയാണ്. ഹിമാലയഭൂമിയിലെ ഒരു ഗ്രാമത്തിൽനിന്നു മറ്റൊന്നിലേക്ക് സ്ഥാനാർഥികൾ ഹെലികോപ്റ്ററിൽ പറക്കുന്നു. കോപ്റ്ററിൽ നിന്നിറങ്ങിയാൽ കാറിലേക്ക്. പിന്നെ ഹിമാലയൻ മലനിരകളിലൂടെയുള്ള കാർ റാലിയാണ്. പൊടിപറത്തി കാറുകൾ കുതിക്കും. കവലയിൽ തടിച്ചുകൂടിനിൽക്കുന്ന ആൾക്കൂട്ടത്തിനു നടുവിലിറങ്ങി ഏതാനും മിനിറ്റുകൾ സംസാരിച്ച ശേഷം സ്ഥാനാർഥികൾ അടുത്ത കവലയിലേക്ക്. അവിടെനിന്ന് ഹെലികോപ്റ്ററിൽ അടുത്ത മലയിലേക്ക്.
ചാഞ്ചാട്ടം എങ്ങോട്ട്?
2019ൽ സംസ്ഥാനത്തെ 4 സീറ്റും ബിജെപിക്കൊപ്പമായിരുന്നു. 2021 ൽ മണ്ഡിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ കുശാൽചന്ദ് ഠാക്കൂറിനെ 7490 വോട്ടിനു തോൽപിച്ച് വിക്രമാദിത്യയുടെ അമ്മ പ്രതിഭ സിങ് ഞെട്ടിച്ചു. പിന്നാലെ സംസ്ഥാനഭരണവും പിടിച്ച കോൺഗ്രസ്, ഹിമാചലിൽ മോദിപ്രഭാവം അസ്തമിച്ചെന്ന പ്രചാരണം അഴിച്ചുവിട്ടു. മോദിയുടെ പ്രതിഛായയ്ക്കു മങ്ങലേറ്റിട്ടില്ലെന്നു തെളിയിക്കാനാണ് ബിജെപി പോരിനിറങ്ങിയിരിക്കുന്നത്. മോദിയുടെ പേരു പറഞ്ഞും ജയ് ശ്രീറാം വിളികളോടെയുമാണ് കങ്കണയുടെ വോട്ട്പിടിത്തം.
മണ്ഡലത്തിന്റെ രാഷ്ട്രീയം
17 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ട മണ്ഡി വിസ്തൃതിയിൽ സംസ്ഥാനത്തെ ഏറ്റവും വലുതാണ്. മണ്ഡലത്തിലെ പ്രബല വിഭാഗമായ രാജ്പുഠ് സമുദായക്കാരാണ് കങ്കണയും വിക്രമാദിത്യയും. സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതികളിലൂന്നി കോൺഗ്രസ് വോട്ട് തേടുമ്പോൾ, മോദിയെ വികസന നായകനായി ഉയർത്തിക്കാട്ടിയാണു ബിജെപി പ്രചാരണം. മണ്ഡി അടക്കം 2 സീറ്റെങ്കിലും സംസ്ഥാനത്തു നേടാനാകുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയത്തിനു ചുക്കാൻ പിടിച്ച പ്രിയങ്ക ഗാന്ധിയാണ് സംസ്ഥാനത്തുടനീളം പാർട്ടി പ്രചാരണത്തിന്റെ മുൻനിരയിലുള്ളത്. വിക്രമാദിത്യയ്ക്കായി മണ്ഡലത്തിലെ രണ്ടിടങ്ങളിൽ അവർ ഇന്നലെ പ്രചാരണത്തിനിറങ്ങി.