ADVERTISEMENT

കന്യാകുമാരി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി 45 മണിക്കൂർ ധ്യാനത്തിനായി ഇന്നു കന്യാകുമാരിയിലെത്തും. ലോക്സഭാ വോട്ടെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാൾ നടക്കാനിരിക്കെയാണ് പ്രചാരണം പൂർത്തിയാകുന്ന ഇന്നു വൈകിട്ട് മോദി വിവേകാനന്ദ സ്മാരകത്തിൽ ധ്യാനത്തിൽ പ്രവേശിക്കുക.

ഇന്ന് ഉച്ചകഴിഞ്ഞ് 3.55ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യോമസേനയുടെ വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്നാട് സർക്കാർ ഗെസ്റ്റ് ഹൗസിലെ ഹെലിപാ‍ഡിൽ ഇറങ്ങും. ആദ്യം തൊട്ടടുത്തുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം. പിന്നീട് ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക്. സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേയിടത്ത് ഇന്നു വൈകിട്ടു മുതൽ മറ്റന്നാൾ ഉച്ചകഴിഞ്ഞു വരെ മോദി ധ്യാനം തുടരും. പിന്നീട് 3.25 ന് കന്യാകുമാരിയിൽ നിന്നു തിരിച്ച് 4.05ന് തിരുവനന്തപുരത്തത്തി 4.10ന് ഡൽഹിക്കു മടങ്ങും. നാലായിരത്തോളം പൊലീസുകാരെയാണ് കന്യാകുമാരി തീരത്തും കടലിലുമായി വിന്യസിച്ചിട്ടുള്ളത്.

മോദിയുടെ ധ്യാനത്തിനെതിരെ കോൺഗ്രസ്

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ നടത്തുന്ന ധ്യാനം ‘പരോക്ഷ പ്രചാരണ’മാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. മൗനവ്രതം നടത്തുന്നതു പ്രശ്നമല്ലെന്നും പക്ഷേ, ഏഴാം ഘട്ടം തിരഞ്ഞെടുപ്പിന്റെ നിശ്ശബ്ദ പ്രചാരണ സമയത്ത് വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള തന്ത്രമാണിതെന്നും കോൺഗ്രസ് പ്രതിനിധിസംഘത്തെ നയിച്ച അഭിഷേക് മനു സിങ്‌വി പറഞ്ഞു. രൺദീപ് സുർജേവാല, ഡോ. നസീർ ഹുസൈൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മോദിയുടെ ധ്യാനം തടയുന്നില്ലെങ്കിൽ തമിഴ്നാട്ടിലെ കോൺഗ്രസ് എംപിമാരും എംഎൽഎമാരും കന്യാകുമാരിയിൽ അതേ സമയം ധ്യാനം നടത്തുമെന്ന് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

Prime Minister Narendra Modi will reach Kanyakumari for 45 hours of meditation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com