ചരിത്രത്തിലേക്ക് കുതിച്ച് ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ
Mail This Article
ബെംഗളൂരു ∙ ബഹിരാകാശ രംഗത്തെ സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയായ അഗ്നികുൽ കോസ്മോസ് നിർമിച്ച ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ചരിത്രം കുറിച്ചു. സെമി ക്രയോജനിക് റോക്കറ്റ് എൻജിൻ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഇടംപിടിച്ചു.
ഐഐടി മദ്രാസ് സഹായത്തോടെ പ്രവർത്തിക്കുന്ന അഗ്നികുൽ കോസ്മോസിന്റെ അഗ്നിബാൻ സോർറ്റെഡ് (സബ്ഓർബിറ്റൽ ടെക്നോളജിക്കൽ ഡെമോൺസ്ട്രേറ്റർ) സെമി ക്രയോജനിക് എൻജിൻ റോക്കറ്റാണ് വിക്ഷേപിച്ചത്. ഭാവിയുടെ റോക്കറ്റ് വിക്ഷേപണ സാങ്കേതിക വിദ്യയായ സെമി ക്രയോജനിക് റോക്കറ്റ് എൻജിൻ വികസിപ്പിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഇസ്റോ) ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സ്റ്റാർട്ടപ്പ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.
ശ്രീഹരിക്കോട്ടയിലെ സ്വകാര്യ വിക്ഷേപണ കേന്ദ്രത്തിൽനിന്നു രാവിലെ 7.15ന് വിക്ഷേപിച്ച റോക്കറ്റ് മുൻനിശ്ചയ പ്രകാരം 2 മിനിറ്റ് പരീക്ഷണപ്പറക്കൽ നടത്തിയ ശേഷം ബംഗാൾ ഉൾക്കടലിൽ പതിച്ചു.ചെലവേറിയതും സങ്കീർണവുമായ ക്രയോജനിക് എൻജിനുകൾക്കു പകരം ശുദ്ധീകരിച്ച മണ്ണെണ്ണയും മെഡിക്കൽ ഓക്സിജനുമാണ് ഇതിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. രാജ്യത്ത് സ്വകാര്യ മേഖലയിൽ നിർമിക്കുന്ന രണ്ടാമത്തെ റോക്കറ്റ് കൂടിയാണിത്. ഏപ്രിൽ 7ന് പരീക്ഷിക്കാൻ നിശ്ചയിച്ച റോക്കറ്റിന്റെ വിക്ഷേപണം 4 തവണ മാറ്റിവച്ചിരുന്നു. 2017 ൽ എയ്റോസ്പേസ് എൻജിനീയർമാരായ ശ്രീനാഥ് രവിചന്ദ്രനും എസ്.പി.എം. മോയിനും ചേർന്നാണ് അഗ്നികുൽ കോസ്മോസിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന അഗ്നികുൽ കോസ്മോസ് ലോഞ്ച് വെഹിക്കിൾ പ്രൈവറ്റ് ലിമിറ്റഡിനും ഈ നേട്ടത്തിൽ നിർണായക പങ്കുണ്ട്.