ADVERTISEMENT

ന്യൂഡൽഹി ∙ ബിഎസ്എൻഎലിന്റെയും എംടിഎൻഎലിന്റെയും കീഴിൽ വിവിധ സംസ്ഥാനങ്ങളിലുള്ള അറുനൂറിലേറെ വസ്തുക്കളും കെട്ടിടങ്ങളും വിൽപനയ്ക്ക്. കേരളത്തിൽ ആലുവ ചൂണ്ടിയിലുള്ള ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ച് പരിസരം, കൊട്ടാരക്കര മൈത്രി നഗർ റോഡിനു സമീപമുള്ള സ്ഥലം എന്നിവ വിൽപനയ്ക്കു വച്ചതിൽ പെടുന്നു. 2019 ഒക്ടോബറിൽ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമാണ് ആസ്തി വിറ്റഴിക്കൽ. അധികമുള്ള ആസ്തി വിറ്റു പണം സമാഹരിക്കുകയാണു ലക്ഷ്യം. കേരളത്തിൽ 27 ആസ്തികളാണു വിൽക്കുന്നത്. ഇതിൽ ജീവനക്കാരുടെ ക്വാർട്ടേഴ്സ് വരെ ഉൾപ്പെടും.

ആലുവയിലെ ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്തിന് 16.47 കോടി രൂപയും കൊട്ടാരക്കരയിലെ ഭൂമിക്ക് 4.84 കോടി രൂപയുമാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്.

ബിഎസ്എൻഎലിന്റെ 531 ആസ്തികളും എംടിഎൻഎലിന്റെ 119 ആസ്തികളുമാണ് വിൽപനയ്ക്കു വച്ചിരിക്കുന്നത്. ഡൽഹിയിലെയും മുംബൈയിലെയും കണ്ണായ സ്ഥലങ്ങളിലാണ് എംടിഎൻഎൽ ആസ്തികൾ പലതും. ഡൽഹിയിൽ കൊണാട്ട് പ്ലേസിനു സമീപത്തുള്ള കെട്ടിടവും മുംബൈ സാന്റാക്രൂസിലെ കെട്ടിടവും വിൽപനയ്ക്കുണ്ട്. ഇതിനായി assetmonetization.bsnl.co.in എന്ന വെബ്സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. വിൽപനയ്ക്കു പുറമേ കെട്ടിടങ്ങൾ വാടകയ്ക്കും കൊടുക്കുന്നുണ്ട്. കെട്ടിടവും ഭൂമിയും തിരയുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ടെലികോം വകുപ്പ് സെക്രട്ടറി നീരജ് മിത്തൽ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

ഇന്ത്യയുടെ ദേശീയ ആസ്തികൾ മോദി കൊള്ളയടിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. ‘വിരമിക്കും മുൻപ്’ മോദി എന്തിനാണ് ധൃതിവച്ച് ഇവ വിൽക്കുന്നതെന്ന് കോൺഗ്രസ് ചോദിച്ചു.

English Summary:

Assets in various states under BSNL and MTNL for sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com