ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‍ കേജ്‍രിവാൾ ഇന്നു ജയിലിലേക്ക് മടങ്ങേണ്ടി വരും. ‌ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടർന്ന് 7 ദിവസത്തെ ഇടക്കാലജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ചു. എന്നാൽ, ജഡ്ജി കാവേരി ബവേജ ഉത്തരവ് ബുധനാഴ്ചത്തേക്കു മാറ്റി. ഇതോടെയാണ് ജയിലിലേക്കുള്ള മടക്കം ഏറക്കുറെ ഉറപ്പായത്. സുപ്രീം കോടതി നൽകിയ ഇടക്കാല ജാമ്യം നീട്ടണമെന്നല്ല, പകരം ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചുള്ള പുതിയ ഇടക്കാല ജാമ്യത്തിനാണ് കേ‍ജ്‍‌രിവാൾ അപേക്ഷിച്ചിരിക്കുന്നതെന്നു വിചാരണക്കോടതി നിരീക്ഷിച്ചു.

മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേ‍ജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. മേയ് 10ന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി ജൂൺ രണ്ടിന് ജയിലിലേക്ക് മടങ്ങണമെന്നു നിർദേശിച്ചിരുന്നു. ഇടക്കാല ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവിൽ മാറ്റം വരുത്താൻ വിചാരണക്കോടതിക്കു കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതു വഴി സുപ്രീം കോടതി നൽകിയ ജാമ്യം നീട്ടാനാണ് ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും പറഞ്ഞു. ഇടക്കാല ജാമ്യം ലഭിക്കണമെങ്കിൽ പ്രതി കസ്റ്റഡിയിലായിരിക്കണമെന്ന് അദ്ദേഹം വാദിച്ചു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമ്മർദം കൂടിയുണ്ടായിരുന്നതിനാൽ കേജ്‍രിവാളിന്റെ പ്രമേഹം കൂടിയതായി അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ എൻ.ഹരിഹരൻ പറഞ്ഞു.

English Summary:

Arvind Kejriwal back to jail today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com