ജയിലിലേക്ക് മടങ്ങി കേജ്‌രിവാൾ; ഇടക്കാല ജാമ്യക്കേസിൽ 5ന് വിധി
Mail This Article
ന്യൂഡൽഹി ∙ എക്സിറ്റ് പോൾ ഫലങ്ങൾ നിരാശാജനകമെങ്കിലും ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തെ മുന്നിൽ നിന്നു നയിച്ചതിന്റെ സംതൃപ്തിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജയിലിലേക്കു മടങ്ങി. ഡൽഹി മദ്യനയ കേസിൽ സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യകാലാവധി തീർന്നതിനുപിന്നാലെയാണു മടക്കം.
വെർച്വൽ കോൺഫറൻസിലൂടെ റൗസ് അവന്യു കോടതിയിലെ മജിസ്ട്രേട്ട് സഞ്ജീവ് അഗർവാളിനു മുന്നിൽ ഹാജരാക്കിയ അരവിന്ദ് കേജ്‌രിവാളിനെ 5 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇടക്കാല ജാമ്യത്തിൽ റൗസ് അവന്യൂ കോടതി അന്നാണു വിധി പറയുക. വീട്ടിൽനിന്നുള്ള യാത്രയിൽ ഭാര്യ സുനിത, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, മന്ത്രിമാരായ അതിഷി, കൈലാഷ് ഗലോട്ട്, സൗരഭ് ഭരദ്വാജ്, രാജ്യസഭാംഗങ്ങളായ സഞ്ജയ് സിങ്, സന്ദീപ് പാഠക് തുടങ്ങിയവർ അനുഗമിച്ചു.
ഡൽഹി, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള അടിത്തറയിടാൻ കേജ്‌രിവാളിനു 21 ദിനം നീണ്ട പ്രചാരണത്തിലൂടെ കഴിഞ്ഞുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കേജ്‌രിവാളിന്റെ സാന്നിധ്യം ശക്തിപ്രകടനമാക്കി പാർട്ടി കരുത്തു കാട്ടുകയും ചെയ്തു.
വൈകിട്ടു മൂന്നോടെ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി ഔദ്യോഗികവസതിയിൽ നിന്നു തിരിച്ച അരവിന്ദ് കേജ്‌രിവാളിന്റെ വാഹനവ്യൂഹം ആദ്യം പോയതു രാജ്ഘട്ടിലേക്ക്. തുടർന്ന് കൊണാട്ട് പ്ലേസിലെ ഹനുമാൻ മന്ദിറിലേക്ക്.
പിന്നീടു ഐടിഒയിലെ പാർട്ടി ഓഫിസിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ‘അഴിമതി ചെയ്തതു കൊണ്ടല്ല ഞാൻ ജയിലിലേക്കു പോകുന്നത്. ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതു കൊണ്ടാണ്’ സുപ്രീം കോടതി തനിക്കു നൽകിയ 21 ദിവസങ്ങൾ മറക്കാനാവാത്തതായിരുന്നുവെന്നും ഒരു നിമിഷം പോലും താൻ പാഴാക്കിയില്ലെന്നും കേജ്‌രിവാൾ പറഞ്ഞു.
‘രാജ്യത്തെ രക്ഷിക്കാൻ വേണ്ടിയാണു ഞാൻ പ്രചാരണം നടത്തിയത്. എഎപി രണ്ടാമത്തെ കാര്യം മാത്രമാണ്. രാജ്യമാണു പ്രധാനം’.– അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണു തനിക്കു 21 ദിവസം പ്രചാരണത്തിൽ ഭാഗമാകാൻ സാധിച്ചതെന്നും കോടതിയോട് ഏറെ നന്ദിയുണ്ടെന്നും സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു.