പ്രജ്വലിന്റെ 2976 വിഡിയോ ദൃശ്യങ്ങൾ ചോർത്തിയത് മുൻ ഡ്രൈവർ; അമ്മ ഭവാനി രേവണ്ണ ഒളിവിൽ
Mail This Article
ബെംഗളൂരു∙ ലൈംഗിക പീഡന കേസിൽ കസ്റ്റഡിയിലുള്ള ജനതാദൾ എംപി പ്രജ്വൽ രേവണ്ണ അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ച ഐ ഫോൺ കണ്ടെത്താനുള്ള ശ്രമം പ്രത്യേക അന്വേഷണ സംഘം ഊർജിതമാക്കി. ഈ ഫോൺ ഒരു വർഷം മുൻപ് നഷ്ടപ്പെട്ടതായാണു പ്രജ്വൽ മൊഴി നൽകിയത്. അറസ്റ്റിലായപ്പോൾ പിടിച്ചെടുത്ത ഫോണിൽ നിന്ന് തെളിവുകൾ ലഭിച്ചിട്ടില്ല.
അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിച്ച തീയതികൾ സംബന്ധിച്ചു വ്യക്തത വരുത്താൻ ഫോൺ നിർമാതാക്കളായ ആപ്പിളിന്റെ സഹായവും തേടിയിട്ടുണ്ട്. ഐ ഫോൺ ഉപയോഗിച്ച് പ്രജ്വൽ ചിത്രീകരിച്ച ഇരുനൂറിലധികം സ്ത്രീകൾ ഉൾപ്പെട്ട 2976 വിഡിയോ ദൃശ്യങ്ങൾ എംപിയുടെ മുൻ ഡ്രൈവർ കാർത്തിക് ഗൗഡയാണു ചോർത്തിയത്. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 6ന് എംപിയുടെ പൊലീസ് കസ്റ്റഡി അവസാനിക്കും.
ഭവാനി രേവണ്ണ ഒളിവിൽ തന്നെ
എംപിയുടെ പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒളിവിലുള്ള പ്രജ്വലിന്റെ അമ്മ ഭവാനി രേവണ്ണയ്ക്കായി തിരച്ചിൽ തുടരുകയാണ്. മൈസൂരു, ഹാസൻ, മണ്ഡ്യ, രാമനഗര എന്നിവിടങ്ങളിലെ ബന്ധുവീടുകളിൽ പൊലീസ് ഇന്നലെ റെയ്ഡ് നടത്തി. അറസ്റ്റ് ഒഴിവാക്കാൻ ഭവാനി നൽകിയ മുൻകൂർ ജാമ്യഹർജി കോടതി തള്ളിയിരുന്നു. ഇതേ കേസിൽ എച്ച്.ഡി.രേവണ്ണയ്ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.