മുൻകൂർ ജാമ്യം തേടി ഭവാനി രേവണ്ണ ഹൈക്കോടതിയിൽ; അന്വേഷണത്തോട് സഹകരിക്കാതെ പ്രജ്വൽ
Mail This Article
ബെംഗളൂരു∙ പ്രജ്വൽ രേവണ്ണ എംപിയുടെ പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ ഒളിവിലുള്ള അമ്മ ഭവാനി രേവണ്ണ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ബെംഗളൂരു മജിസ്ട്രേട്ട് കോടതി നേരത്തേ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഭവാനിയെ കണ്ടെത്താൻ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബന്ധുവീടുകളിൽ ഉൾപ്പെടെ ഇന്നലെയും തിരച്ചിൽ നടത്തി. ഭർത്താവ് എച്ച്.ഡി.രേവണ്ണ എംഎൽഎയ്ക്കൊപ്പം തട്ടിക്കൊണ്ടു പോകാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത ഇവർ, ഇരയുടെ പേരിൽ വ്യാജ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നും പൊലീസ് പറയുന്നു.
പീഡനക്കേസിൽ അറസ്റ്റിലായ പ്രജ്വൽ തുടർച്ചയായ നാലാം ദിനവും ചോദ്യം ചെയ്യലിനോടു സഹകരിച്ചിട്ടില്ല. രാഷ്ട്രീയ ഗൂഢാലോചയാണ് കേസിനു കാരണമെന്ന വാദത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. പരാതികളിൽ പരാമർശിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ച് എംപിയിൽ നിന്ന് തെളിവെടുക്കാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്.
ഇതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രജ്വലിന്റെ വിജയത്തിനുവേണ്ടി എച്ച്.ഡി.രേവണ്ണ ക്ഷേത്ര സന്ദർശനം തുടരുകയാണ്. പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നുമുണ്ട്.