ADVERTISEMENT

ന്യൂഡൽഹി ∙ വലിയ ഉത്തരവാദിത്തങ്ങൾക്കിടെ ധ്യാനമിരിക്കുന്നതു വെല്ലുവിളി നിറഞ്ഞതാണെങ്കിലും കന്യാകുമാരിയും സ്വാമി വിവേകാനന്ദന്റെ പ്രചോദനവും അത് അനായാസമാക്കിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിൽ മേയ് 30ന് വൈകിട്ടു മുതൽ ജൂൺ 1ന് ഉച്ചവരെ 45 മണിക്കൂർ നടത്തിയ ധ്യാനത്തെക്കുറിച്ചാണ് മോദി ചിന്തകൾ പങ്കുവച്ചത്. 

തിരഞ്ഞെടുപ്പാവേശം മനസ്സിൽ പ്രതിധ്വനിക്കുന്നതു സ്വാഭാവികമാണ്. എന്നാൽ, ധ്യാനത്തിലേക്കു പ്രവേശിച്ചതോടെ രാഷ്ട്രീയ സംവാദങ്ങൾ, ആരോപണങ്ങൾ തുടങ്ങിയവയെല്ലാം ശൂന്യതയിലേക്ക് അപ്രത്യക്ഷമായി. 

കന്യാകുമാരിയിലെ ഉദയസൂര്യൻ ചിന്തകൾക്കു പുതിയ ഉയരങ്ങൾ നൽകി; സമുദ്രത്തിന്റെ വിശാലത ആശയങ്ങളെ വികസിപ്പിച്ചു; ചക്രവാളത്തിന്റെ വിശാലത പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ പതിഞ്ഞിരിക്കുന്ന ഏകത്വം ബോധ്യപ്പെടുത്തി.

സംഗമങ്ങളുടെ നാടാണ് കന്യാകുമാരി. നമ്മുടെ പുണ്യനദികൾ കടലുകളിലേക്ക് ഒഴുകുന്നു, ഇവിടെ ആ കടലുകൾ സംഗമിക്കുന്നു. മറ്റൊരു മഹാസംഗമത്തിനും കന്യാകുമാരി സാക്ഷ്യം വഹിക്കുന്നു; ഭാരതത്തിന്റെ പ്രത്യയശാസ്ത്ര സംഗമത്തിന്. വിവേകാനന്ദ സ്മാരകം, തിരുവള്ളുവരുടെ പ്രതിമ, ഗാന്ധിമണ്ഡപം, കാമരാജർ മണിമണ്ഡപം എന്നിവ ഇവിടെ കാണാം. ഈ മഹാരഥരുടെ ചിന്താധാരകൾ ഇവിടെ ഒത്തുചേർന്ന് ദേശീയചിന്തയുടെ സംഗമം സൃഷ്ടിക്കുന്നു.

ലോകം ഏറെ പ്രതീക്ഷയോടെയാണു ഭാരതത്തെ ഉറ്റുനോക്കുന്നത്. പ്രാചീനമൂല്യങ്ങൾ ഉൾക്കൊണ്ട് നമ്മുടെ പൈതൃകത്തെ ആധുനികരീതിയിൽ പുനർനിർവചിക്കണം. നിഷേധാത്മകതയിൽനിന്നുള്ള സ്വാതന്ത്ര്യമാണ് വിജയം കൈവരിക്കുന്നതിനുള്ള ആദ്യപടി. ശുഭാപ്തിവിശ്വാസമില്ലാത്തവരുടെ സമ്മർദത്തിൽനിന്നു സമൂഹത്തെ മോചിപ്പിക്കണം. പരിഷ്കരണത്തെ കേവലം സാമ്പത്തികപരിഷ്കാരങ്ങളിലേക്കു പരിമിതപ്പെടുത്താനാകില്ല. എല്ലാ മേഖലകളും നവീകരണദിശയിൽ മുന്നേറണം. പരിഷ്കാരങ്ങൾ ‘2047ൽ വികസിത ഭാരതം’ എന്ന അഭിലാഷവുമായി പൊരുത്തപ്പെടണം.

20–ാം നൂറ്റാണ്ടിന്റെ നാലാമത്തെയും അഞ്ചാമത്തെയും ദശകങ്ങൾ സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജം പകരാൻ ഉപയോഗപ്പെടുത്തിയതുപോലെ, 21–ാം നൂറ്റാണ്ടിലെ ഈ 25 വർഷങ്ങളിൽ നാം വികസിത ഭാരതത്തിന് അടിത്തറയിടണം. 1897ൽ സ്വാമി വിവേകാനന്ദൻ പറഞ്ഞത്, ഇനിയുള്ള 50 വർഷം രാജ്യത്തിനുവേണ്ടി മാത്രം സമർപ്പിക്കണമെന്നാണ്. ഈ ആഹ്വാനത്തിന് കൃത്യം 50 വർഷങ്ങൾക്കുശേഷം, 1947ൽ ഭാരതം സ്വാതന്ത്ര്യം നേടി. ഈ 25 വർഷം നമുക്കു രാജ്യത്തിനായി സമർപ്പിക്കാം, വികസിത ഭാരതം സൃഷ്ടിക്കാം – മോദി പറഞ്ഞു.

English Summary:

Let's aim for a developed India says Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com