ആം ആദ്മി പാർട്ടിക്ക് ഓഫിസ്: തീരുമാനം ആറാഴ്ചയ്ക്കുള്ളിൽ വേണമെന്ന് കോടതി
Mail This Article
ന്യൂഡൽഹി ∙ ദേശീയ പാർട്ടിയായ ആം ആദ്മി പാർട്ടിക്ക് രാജ്യതലസ്ഥാനത്ത് പാർട്ടി ഓഫിസിന് അർഹതയുണ്ടെന്നും ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്ത് കെട്ടിടം അനുവദിക്കണമെന്നും ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കെട്ടിടം ഒഴിവില്ലെന്നു പറഞ്ഞ് ആം ആദ്മി പാർട്ടിയുടെ അപേക്ഷ കേന്ദ്രം നിരസിക്കുകയായിരുന്നു. മറ്റു ദേശീയ പാർട്ടികൾക്ക് ഓഫിസിനു കെട്ടിടം അനുവദിച്ചിട്ടുള്ളതു പോലെ ആം ആദ്മി പാർട്ടിക്കും ഓഫിസിനു സൗകര്യം അനുവദിക്കണം.
ഓഫിസ് കെട്ടിടത്തിന് സ്ഥലം അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കാത്തതിനെതിരെ ആം ആദ്മി പാർട്ടി നൽകിയ പരാതി ഹൈക്കോടതിയിലുണ്ട്. റൗസ് അവന്യുവിൽ പാർട്ടി ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം കോടതി സമുച്ചയ വിപുലീകരണത്തിനായി ഏറ്റെടുത്തതിനാൽ 15ന് ഒഴിയേണ്ടതുണ്ട്. ദീൻ ദയാൽ ഉപാധ്യായ മാർഗിൽ ഒരു ഡൽഹി മന്ത്രിയുടെ വസതി താൽക്കാലികമായി നൽകണമെന്ന അപേക്ഷ അനുവദിക്കാനാവില്ലെന്നും ഇക്കാര്യത്തിലും കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.