അംഗബലം കൂടിയിട്ടും ആവേശം ചോർന്ന് ആംആദ്മി പാർട്ടി
Mail This Article
ന്യൂഡൽഹി ∙ ലോക്സഭയിലെ അംഗബലം വർധിപ്പിച്ചെങ്കിലും ആം ആദ്മി പാർട്ടി കനത്ത തിരിച്ചടിയാണു നേരിട്ടത്. ആകെ 22 സീറ്റുകളിൽ മത്സരിച്ച എഎപി ഡൽഹി, ഗുജറാത്ത്, അസം, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഒരു സീറ്റു പോലും നേടിയില്ല. സംസ്ഥാനം ഭരിക്കുന്ന പഞ്ചാബിൽ 3 മണ്ഡലങ്ങളിലാണു വിജയം നേടിയത്. മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജാമ്യം നേടി പുറത്തെത്തി പ്രചാരണത്തിൽ ഭാഗമായെങ്കിലും അതിന്റെ നേട്ടം സ്വന്തമാക്കാൻ പാർട്ടിക്കു സാധിച്ചില്ല.
പഞ്ചാബിൽ ഇന്ത്യാസഖ്യത്തിന്റെ ഭാഗമാകാതെ ഒറ്റയ്ക്കു മത്സരിച്ചെങ്കിലും ആകെയുള്ള 13 സീറ്റിൽ മൂന്നിടത്തു മാത്രമാണു വിജയം നേടിയത്. ഗുജറാത്തിലെ ഭാവ്‌നഗർ, ഹരിയാനയിലെ കുരുക്ഷേത്ര എന്നിവിടങ്ങളിൽ വിജയം നേടുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ശക്തമായ മത്സരത്തിനൊടുവിൽ പരാജയം നേരിട്ടു. ഡൽഹിയിലെ ചരിത്രം ഇക്കുറി തിരുത്തുമെന്നു കരുതിയെങ്കിലും ഫലം തിരിച്ചായിരുന്നു.
ആഭ്യന്തര പ്രശ്നങ്ങളിൽ ഉലഞ്ഞ എഎപിയെ തിരഞ്ഞെടുപ്പിലെ പരാജയം ആശങ്കപ്പെടുത്തുന്നുണ്ട്. കേജ്‌രിവാളും മനീഷ് സിസോദിയയും ജയിലിലായതോടെ പാർട്ടിയെ നയിക്കാൻ ശക്തരായ നേതാക്കളില്ലെന്നതാണു പ്രധാന വെല്ലുവിളി. അടുത്തവർഷം നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടാൻ സാധിച്ചില്ലെങ്കിൽ എഎപിയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യവും രൂപപ്പെടാം.