സരബ്ജീത് സിങ് ഖൽസ: 4 കക്ഷികളെ വീഴ്ത്തിയ സ്വതന്ത്ര വിജയം
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഫരീദ്കോട്ടിൽ സ്വതന്ത്ര സ്ഥാനാർഥി സരബ്ജീത് സിങ് ഖൽസ (46) വിജയിച്ചത് രാഷ്ട്രീയകക്ഷികളെയും നിരീക്ഷകരെയും അമ്പരപ്പിച്ചു. ഇന്ദിരാഗാന്ധി വധക്കേസിലെ പ്രതി ബിയാന്ത് സിങ്ങിന്റെ മകനാണു സരബ്ജീത് സിങ്. അമൃത്‌സറിലെ സുവർണക്ഷേത്രം താവളമാക്കിയ ഖലിസ്ഥാൻ തീവ്രവാദികളെ തുരത്താൻ 1984 ൽ ഇന്ദിരാഗാന്ധി സർക്കാർ നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 40–ാം വർഷത്തിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ പലയിടത്തും ഇതു പ്രചാരണവിഷയമായിരുന്നു.
സിഖ് വിഷയങ്ങളും ഫരീദ്കോട്ടിൽ നടന്ന പൊലീസ് അതിക്രമങ്ങളും പ്രചാരണവിഷയമാക്കിയ സരബ്ജീത് സിങ് ഖൽസയുടെ ഭൂരിപക്ഷം 70,053 വോട്ട്. ഡൽഹി പൊലീസിൽ എസ്ഐയും ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകനുമായിരുന്ന ബിയാന്ത് സിങ് 1984 ഒക്ടോബറിൽ കൊല്ലപ്പെടുമ്പോൾ സരബ്ജീത് സിങ്ങിനു 6 വയസ്സായിരുന്നു. സിഖ് സമൂഹമാണു തന്നെയും കുടുംബത്തെയും സംരക്ഷിച്ചതെന്നും അവർക്കുവേണ്ടിയാകും തന്റെ പ്രവർത്തനമെന്നുമാണു വിജയശേഷം ഖൽസ പ്രതികരിച്ചത്.
സരബ്ജീത്തിന്റെ കുടുംബത്തിൽനിന്നു മുൻപും ലോക്സഭയിൽ അംഗങ്ങളെത്തിയിട്ടുണ്ട്. അമ്മ ബിമൽ കൗർ ഖൽസയും ബിയാന്ത് സിങ്ങിന്റെ പിതാവ് ബാബാ സൂച സിങ്ങും 1989 ൽ എംപിമാരായിരുന്നു. ശിരോമണി അകാലിദൾ സ്ഥാനാർഥികളായി ബിമൽ കൗർ റോപ്പറിൽനിന്നും ബാബാ സൂചാ സിങ് ഭട്ടിൻഡയിൽനിന്നുമാണ് അന്നു ജയിച്ചത്. സരബ്ജീത് സിങ് 2004 ൽ ഭട്ടിൻഡയിൽ നിന്നു ലോക്സഭയിലേക്കും 2007 ൽ നിയമസഭയിലേക്കും മത്സരിച്ചെങ്കിലും പരാജയം നേരിട്ടു. 2009 നും 2014 നും ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും ജയിച്ചില്ല. പക്ഷേ, ഇക്കുറി 4 രാഷ്ട്രീയകക്ഷികളോടു പൊരുതി 29.38% വോട്ട് നേടിയാണു തിരഞ്ഞെടുക്കപ്പെട്ടത്.