ADVERTISEMENT

ഭുവനേശ്വർ ∙ തമിഴ്നാട്ടുകാരന് ഒഡീഷയിൽ എന്തു കാര്യമെന്നു ചോദിച്ച് എല്ലാവരും അന്യനെന്നു മുദ്രകുത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ പിൻഗാമിയാകുമെന്ന രാഷ്ട്രീയ ആരോപണങ്ങളും ഒപ്പമെത്തി. ഇപ്പോഴിതാ, ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളി‍ൽ ബിജെഡിയുടെ ദയനീയ തോൽവി കൂടിയായപ്പോൾ, പറഞ്ഞ വാക്കു പാലിച്ച് വി.കെ. പാണ്ഡ്യൻ രാഷ്ട്രീയത്തിന്റെ അരങ്ങൊഴിഞ്ഞിരിക്കുന്നു.

ഐഎഎസ് ജോലി ഉപേക്ഷിച്ച പാണ്ഡ്യൻ ബിജെഡിയി‍ൽ ചേർന്ന് 6 മാസം മാത്രമായിരിക്കെയാണ്, പാർട്ടി തോൽവിക്കു കാരണക്കാരനായെങ്കിൽ മാപ്പു ചോദിക്കുകയാണെന്നറിയിച്ചു കളം വിടുന്നത്. നവീൻ പട്നായിക്കിനെ സഹായിക്കുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നു മനസ്സി‍ലെന്നും സ്ഥാനമാനങ്ങൾ മോഹിച്ചല്ല വന്നതെന്നും രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചുള്ള വികാരനിർഭരമായ വിഡിയോ സന്ദേശത്തിൽ പാണ്ഡ്യൻ പറഞ്ഞു. 

‘കൊച്ചുഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിലാണു ജനിച്ചത്. ഐഎഎസിൽ ചേ‍ർന്ന് ജനങ്ങളെ സേവിക്കണമെന്ന് കുട്ടിക്കാലം മുതലേ മോഹമുണ്ടായിരുന്നു. ഭാര്യ ഒഡീഷക്കാരിയാണ്. അങ്ങനെയാണ് ഞാനിവിടെ വന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗമായത് 12 വർഷം മുൻപാണ്. സ്ഥാനാർഥിയായില്ല, പാർട്ടി പദവിയും വഹിച്ചില്ല. നവീൻ പട്നായിക്കിന്റെ സമഗ്ര വികസന കാഴ്ചപ്പാടുകൾ നടപ്പാക്കാനാണ് എന്നെ നിയോഗിച്ചത്. 24 വർഷം മുൻപ് ഐഎഎസ് ഉദ്യോഗസ്ഥനായപ്പോൾ നൽകിയ സത്യവാങ്‌മൂലത്തിലെ ആസ്തിക്കണക്ക് ഇപ്പോഴും അതേ പടി തുടരുന്നു. പൈതൃകമായി കിട്ടിയ കുടുംബസ്വത്തല്ലാതെ മറ്റൊന്നും എനിക്കില്ല’– പാണ്ഡ്യൻ അറിയിച്ചു. തന്നെ അന്യനാട്ടുകാരനെന്ന നിലയിൽ ചിത്രീകരിച്ചുളള ആരോപണങ്ങൾക്ക് രാഷ്ട്രീയ പ്രതിഫലനമുണ്ടായെന്നുതന്നെയാണു വിശ്വാസമെന്ന് ഇന്നലെ ചാനൽ അഭിമുഖത്തിലും അദ്ദേഹം പറഞ്ഞു. 

English Summary:

Pardon if guilty says VK Pandian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com