‘പവർ’ നഷ്ടമായി അജിത് പവാർ
Mail This Article
മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലൊതുങ്ങിയതിനു പിന്നാലെ കാബിനറ്റ് മന്ത്രിപദം നിഷേധിക്കപ്പെടുക കൂടി ചെയ്തത് എൻസിപി അജിത് പവാർ പക്ഷത്തിനു കൂടുതൽ തിരിച്ചടിയായി. മന്ത്രിസഭാ വികസനവേളയിൽ എൻസിപിയുടെ ആവശ്യം പരിഗണിക്കുമെന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞതു മാത്രമാണു പ്രതീക്ഷയ്ക്കു വക നൽകുന്നത്.
നാലു മാസത്തിനകം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ, അജിത്തിനൊപ്പം നിന്നിട്ടു കാര്യമില്ലെന്ന് എംഎൽഎമാർക്കും പ്രാദേശിക നേതാക്കൾക്കും തോന്നാവുന്ന സാഹചര്യമാണു നിലവിലുള്ളത്. ശരദ് പവാർ പക്ഷത്തേക്കു തിരിച്ചുപോകാൻ എംഎൽഎമാരടക്കം ആലോചിക്കുന്നുവെന്ന സൂചനകളും ശക്തം.
മഹാരാഷ്ട്രയിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കാത്തതിൽ കടുത്ത അമർഷമുള്ള ബിജെപി, അജിത് പവാറുമായി അകലുന്നതിന്റെ സൂചന കൂടിയാണ് കാബിനറ്റ് പദവി നിഷേധിക്കൽ. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു തന്നെ അജിത്തും കൂട്ടരും ശരദ് പവാർ പക്ഷത്തേക്കു തിരികെയെത്താനുള്ള സാധ്യത പ്രതിപക്ഷനിര മുന്നിൽക്കാണുന്നു.