ജമ്മു കശ്മീർ: നിയമസഭാ തിരഞ്ഞെടുപ്പിന് നടപടി തുടങ്ങി
Mail This Article
ന്യൂഡൽഹി ∙ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങളിലേക്കു തിരഞ്ഞെടുപ്പു കമ്മിഷൻ കടന്നു. അവിടെ തിരഞ്ഞെടുപ്പു നടത്താൻ സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കാൻ മൂന്നര മാസം ബാക്കി നിൽക്കെ പൊതുചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ കമ്മിഷൻ പാർട്ടികളിൽനിന്നു ക്ഷണിച്ചു. പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ വൈകാതെ കശ്മീർ വോട്ടു ചെയ്യുമെന്നു മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ പറഞ്ഞതിനു പിന്നാലെയാണിത്.
2014 ൽ ആണ് ഇവിടെ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പു നടന്നത്. ബിജെപി–പിഡിപി സർക്കാരാണ് അന്ന് അധികാരത്തിൽ വന്നത്. 2019 ജൂണിൽ ബിജെപി പിന്തുണ പിൻവലിക്കുകയും മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്തി രാജിവയ്ക്കുകയും ചെയ്തു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കെ, കശ്മീരിനുള്ള പ്രത്യേക പദവി സർക്കാർ റദ്ദാക്കി. തുടർന്നു സംസ്ഥാനത്തെ ലഡാക്ക്, ജമ്മു കശ്മീർ എന്നിങ്ങനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു.
സംസ്ഥാന പദവി തിരിച്ചു നൽകാനും സെപ്റ്റംബർ 30ന് മുൻപ് തിരഞ്ഞെടുപ്പു നടത്താനുമാണു സുപ്രീം കോടതി നിർദേശിച്ചത്. 2022 മേയിലാണ് ഡീലിമിറ്റേഷൻ കമ്മിഷൻ 90 നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തിയും പേരുമാറ്റവും പ്രഖ്യാപിച്ചത്. ജമ്മു മേഖലയിൽ 43 സീറ്റുകളും (നേരത്തേ 37) കശ്മീർ താഴ്‌വരയിൽ 47 സീറ്റുകളുമുണ്ട് (നേരത്തേ 46). കശ്മീർ വിട്ടു പോകേണ്ടി വന്ന വിഭാഗങ്ങൾക്കുള്ള 2 സീറ്റുകളും 9 പട്ടികവർഗ സീറ്റുകളും ഇതിലുൾപ്പെടും.