ബിജെപിയോട് ആർഎസ്എസ്, അഴിമതിവിരുദ്ധ പ്രതിഛായയ്ക്ക് മങ്ങലേറ്റോയെന്ന് നോക്കണം
Mail This Article
ന്യൂഡൽഹി ∙ അഴിമതിക്കാരായ ചിലരെ പാർട്ടിയിലോ മുന്നണിയിലോ ചേർത്തതിലൂടെ ബിജെപിയുടെ അഴിമതിവിരുദ്ധ പ്രതിഛായയ്ക്കു മങ്ങലേറ്റോയെന്നു പാർട്ടി പരിശോധിക്കണമെന്ന് ആർഎസ്എസ് മുഖപത്രം ‘ഓർഗനൈസർ’. ലോക്സഭാ തിരഞ്ഞെടുപ്പുഫലത്തിൽ ബിജെപിക്കും പഠിക്കാൻ പാഠങ്ങളുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടാണു വിമർശനം.
മാറ്റത്തിനു വേണ്ടിയായിരുന്നു 2014ലെ തിരഞ്ഞെടുപ്പ്. ദേശസുരക്ഷയും മോദിയുമായിരുന്നു 2019ലെ തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിച്ചത്. പ്രതിപക്ഷത്തെ മനസ്സിലാക്കിയുള്ള പ്രചാരണം അന്നത്തെ പാർട്ടി പ്രസിഡന്റ് അമിത് ഷായുടെ നേതൃത്വത്തിലുണ്ടായി. ഇക്കുറി ദേശീയതലത്തിൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന പ്രചാരണവിഷയമുണ്ടായില്ലെന്നും ആർഎസ്എസ് കുറ്റപ്പെടുത്തി. ആർഎസ്എസിനെ വിമർശിച്ച ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡയ്ക്കുള്ള മറുപടി കൂടിയായി ഇത്.
അടിത്തട്ടിൽ പ്രതിപക്ഷവോട്ടുകൾ കൃത്യമായി കൈമാറ്റം ചെയ്യപ്പെട്ടെന്നാണ് ആർഎസ്എസിന്റെ വിലയിരുത്തൽ. ദേശീയ വിഷയം ഇല്ലാത്ത ഘട്ടത്തിൽ പ്രാദേശിക വിഷയങ്ങൾക്കു പ്രാമുഖ്യം കിട്ടും. ഹിന്ദു വോട്ടുകൾ വിഘടിപ്പിക്കാനും മുസ്‌ലിം വോട്ടുകൾ ഏകീകരിക്കാനുമായിരുന്നു പ്രതിപക്ഷ തന്ത്രം.
തിരഞ്ഞെടുപ്പുഫലത്തെച്ചൊല്ലി ആർഎസ്എസും ബിജെപിയും തമ്മിലുള്ള ഭിന്നത വച്ചു കളിക്കുന്നവർക്കു സംഘത്തിന്റെ പ്രവർത്തനരീതി അറിയില്ല. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന 1977ലെ തിരഞ്ഞെടുപ്പിലൊഴികെ ഒരിക്കലും ആർഎസ്എസ് പരസ്യമായി ഒരു രാഷ്ട്രീയപാർട്ടിക്കും പിന്തുണ നൽകിയിട്ടില്ല.
പ്രധാന സംസ്ഥാനങ്ങളിൽ ബിജെപിവിരുദ്ധ വോട്ടുകളുടെ ഏകീകരണം, ജാതിചിന്ത ശക്തി പ്രാപിച്ചത്, വിദേശശക്തികളുടെ സ്വാധീനം തുടങ്ങിയവ പാർട്ടി പരിശോധിക്കണം. വിവിധ ജാതി, സമുദായങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്താനുള്ള ശ്രമം വേണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. അതേസമയം, മോദി നയിക്കുന്ന എൻഡിഎയുടെ ജയം ചരിത്രപരമാണെന്ന വിലയിരുത്തലുമുണ്ട്.
തിരഞ്ഞെടുപ്പുഫലത്തിനു ശേഷമുള്ള പത്രസമ്മേളനം പോലെയാണെങ്കിൽ ക്രിയാത്മക പ്രതിപക്ഷം ആകുന്നതിനു പകരം പാർലമെന്റിൽ രാഹുൽ ഗാന്ധി ശല്യമായിരിക്കുമെന്നും മുഖപ്രസംഗത്തിലുണ്ട്.
മണിപ്പുർ കലാപം അവസാനിപ്പിക്കണം: മോഹൻ ഭാഗവത്
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു വാചാടോപങ്ങൾ അവസാനിപ്പിച്ച് രാജ്യം നേരിടുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കലാപം തുടങ്ങി ഒരു വർഷത്തിനു ശേഷവും മണിപ്പുരിൽ സമാധാനാന്തരീക്ഷം ഉണ്ടാകാത്തതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. മണിപ്പുരിലെ വംശീയ കലാപം അവസാനിപ്പിക്കാൻ മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർഎസ്എസ് കാര്യകർത്ത വികാസ് വർഗ് പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.