ഡിണ്ടിഗൽ – കുമളി റോഡ് ഇനി നാലുവരിപ്പാത; ടെൻഡർ ഉടൻ
Mail This Article
ചെന്നൈ ∙ ദേശീയപാത 183ന്റെ ഭാഗമായ ഡിണ്ടിഗൽ – കുമളി റോഡ് 3,000 കോടി ചെലവിൽ നാലുവരിപ്പാതയാക്കാനുള്ള പദ്ധതിക്കു ദേശീയപാത അതോറിറ്റി ഉടൻ കരാർ വിളിക്കും. 133 കിലോമീറ്റർ റോഡ് വികസന പദ്ധതി പൂർത്തിയാകുന്നതോടെ ഡിണ്ടിഗലിനും കുമളിക്കും ഇടയിലുള്ള യാത്രാ സമയം കാര്യമായി കുറയും. വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കാനുള്ള ഏജൻസിയെ ഉടൻ നിയോഗിക്കും. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലേക്കും മൂന്നാറിലേക്കും തമിഴ്നാട്ടിൽ നിന്നുളള യാത്രയും എളുപ്പത്തിലാകും.
പദ്ധതിയുടെ ഭാഗമായി 26 ജംക്‌ഷനുകൾ വിപുലീകരിക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായ സെമ്പട്ടി – മധുര – പഴനി റോഡ്, ബോഡിനായ്ക്കന്നൂർ, ഉത്തമപാളയം എന്നിവിടങ്ങളിൽ അടിപ്പാതകളും പാലങ്ങളും നിർമിക്കും. പുതിയ പാതയോടു ചേർന്നുള്ള നാനൂറോളം ഗ്രാമീണ റോഡുകളും വികസിപ്പിക്കും. 2 ടോൾ പ്ലാസകളും ഉണ്ടാകും. 9000 മരങ്ങൾ മുറിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. പാരിസ്ഥിതിക ആഘാത പഠനവും ഇതിനു മുന്നോടിയായി നടത്തും.
കളറാകും കുമളി!
കുമളി ∙ കുമളി – ഡിണ്ടിഗൽ പാത നാലുവരിയാകുന്നതോടെ കുമളി നഗരത്തിനും വൻ മാറ്റങ്ങളുണ്ടാകും. ചരക്കുനീക്കവുമായി ബന്ധപ്പെട്ടവർ, ശബരിമല തീർഥാടകർ, വിനോദസഞ്ചാരികൾ എന്നിവരുടെ വരവ് വൻതോതിൽ ഉയരും. ഈ റൂട്ടിലെ വൻ ഹബ്ബായി കുമളി മാറും.
സേലം - കന്യാകുമാരി, കോയമ്പത്തൂർ - മധുര റോഡുകളുമായി ബന്ധിക്കുന്നതിനാൽ വ്യാപാരമേഖലയിൽ എൻഎച്ച് 183ന്റെ പ്രസക്തി വലുതാണ്. ഇത് നാലുവരിപ്പാതയായി മാറുന്നത് കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്കും പഴനി, വേളാങ്കണ്ണി തീർഥാടകർക്കും ഊട്ടി, കൊടൈക്കനാൽ, തേക്കടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിനോദസഞ്ചാരികൾക്കും ഗുണകരമാകും.