49 ദശലക്ഷം ഓർഡറുകൾ! ഈ ബിരിയാണി സൂപ്പറാ
Mail This Article
ബിരിയാണിയെപ്പോലെ ജനപ്രിയമായ മറ്റൊരു വിഭവം ഉണ്ടോ എന്ന് സംശയമാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും ബിരിയാണി കഴിക്കുന്നവരാണ് മിക്ക ഭക്ഷണപ്രേമികളും. സ്വിഗ്ഗിയുടെ ഇക്കൊല്ലത്തെ വാര്‍ഷികറിപ്പോര്‍ട്ടിലും ഈ 'ബിരിയാണി പ്രേമം' മുന്നിട്ടുനില്‍ക്കുന്നതായി കാണാം. ഈ വർഷം ഇന്ത്യയിൽ 83 ദശലക്ഷം ബിരിയാണികളാണ് സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തത്.
2024 ജനുവരി 1 നും 2024 നവംബർ 22 നും ഇടയിൽ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഈ കണക്ക് പ്രകാരം ഓരോ മിനിറ്റിലും 158 ബിരിയാണികൾ ഓർഡർ ചെയ്യപ്പെട്ടു, അതായത് ഓരോ സെക്കന്‍ഡിലും ഏകദേശം രണ്ടു ബിരിയാണി എന്ന കണക്കിലാണ് ഓര്‍ഡര്‍ വരുന്നത്. കഴിഞ്ഞ വര്‍ഷവും ബിരിയാണി തന്നെയായിരുന്നു മുന്നില്‍.
ബിരിയാണികളില്‍ മുന്നില്‍ ചിക്കന്‍ ബിരിയാണി തന്നെയാണ്. ആകെയുള്ളതില്‍ 49 ദശലക്ഷം ഓർഡറുകളും ചിക്കന്‍ ബിരിയാണിയാണ്. ദക്ഷിണേന്ത്യയിലാണ് ഓര്‍ഡറുകള്‍ കൂടുതല്‍. 2024 ൽ 9.7 ദശലക്ഷം ബിരിയാണി ഓർഡറുകളുമായി ഹൈദരാബാദ് ഒന്നാം സ്ഥാനത്തെത്തി. അതിന് ശേഷം ബെംഗളൂരു (7.7 ദശലക്ഷം ഓർഡറുകൾ), ചെന്നൈ (4.6 ദശലക്ഷം) എന്നിവയുമുണ്ട്.
അര്‍ദ്ധരാത്രി പന്ത്രണ്ടുമണി മുതല്‍ രണ്ടുമണി വരെയുള്ള സമയത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്തത് ചിക്കന്‍ ബര്‍ഗര്‍ ആണ്. രണ്ടാംസ്ഥാനത്ത് ബിരിയാണി തന്നെയാണ്. ഐആർസിടിസിയുമായി സഹകരിച്ച്, ട്രെയിൻ റൂട്ടുകളിലെ നിർദ്ദിഷ്‌ട സ്റ്റേഷനുകളിൽ സ്വിഗ്ഗി ഡെലിവറി നടത്തുന്നുണ്ട്. ഇങ്ങനെ, ട്രെയിനുകളിൽ ഏറ്റവും സാധാരണമായി ഓർഡർ ചെയ്യപ്പെടുന്ന ഭക്ഷണങ്ങളിൽ ബിരിയാണിയും ഉൾപ്പെടുന്നു.
ബിരിയാണിക്ക് തൊട്ടു പിന്നിലായി ദോശയുണ്ട്. ദോശയ്ക്ക് ഈ വർഷം 23 ദശലക്ഷം ഓർഡറുകൾ ലഭിച്ചു.
ഇന്ത്യയിൽ 2024 റമദാനിൽ ഏകദേശം 6 ദശലക്ഷം പ്ലേറ്റുകൾ ബിരിയാണി പ്ലാറ്റ്‌ഫോം വഴി ഓർഡർ ചെയ്തതായി വർഷത്തിന്റെ തുടക്കത്തിൽ സ്വിഗ്ഗി വെളിപ്പെടുത്തിയിരുന്നു. ഈ കാലയളവിൽ സ്വിഗ്ഗിയിൽ ഒരു ദശലക്ഷത്തിലധികം പ്ലേറ്റ് ബിരിയാണി ഓർഡറുകൾ നേടിയ ഹൈദരാബാദായിരുന്നു മുന്നില്‍.
സ്വിഗ്ഗിയില്‍ മാത്രമല്ല, സൊമാറ്റോയിലും ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചത് ബിരിയാണിക്ക് തന്നെയാണ്. സൊമാറ്റോയുടെ 2023 ലെ വർഷാവസാന റിപ്പോർട്ടില്‍ ഇത് കാണാം. കൂടാതെ, കഴിഞ്ഞ വർഷം പുതുവത്സരാഘോഷത്തിൽ ബിരിയാണിയാണ് ഏറ്റവും കൂടുതൽ ആളുകള്‍ ഓര്‍ഡര്‍ ചെയ്ത വിഭാവമെന്നും സൊമാറ്റോ വെളിപ്പെടുത്തിയിരുന്നു.