ഇങ്ങനെയാണോ നിങ്ങൾ ഫിഷ്മോളി ഉണ്ടാക്കുന്നത്?
Mail This Article
മീൻ ഏത് രീതിയിൽ തയാറാക്കിയാലും ഭക്ഷണപ്രേമികൾക്ക് ഇഷ്ടമാണ്. ഇത്തവണത്തെ ക്രിസ്മസിന് വെറൈറ്റി രീതിയിൽ ഉണ്ടാക്കാം. തേങ്ങാ പാലിന്റെ രുചി ഒരുമിക്കുന്ന ഫിഷ്മോളി തന്നെ ആകട്ടെ. അപ്പത്തിനും ഇടിയപ്പത്തിനും ബെസ്റ്റ് കോമ്പിനേഷനാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
നെയ്മീൻ അല്ലെങ്കിൽ ആവോലി എടുക്കാം
വെളിച്ചെണ്ണ - 5 ടീസ്പൂൺ
മഞ്ഞൾ പൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
നാരങ്ങ നീര് - 1 ടീസ്പൂൺ
കറുവപ്പട്ട -1
ഗ്രാമ്പൂ-3
ഏലം -3
ഉള്ളി -2
ചെറിയഉള്ളി-15
പച്ചമുളക് -4
കറിവേപ്പില -കുറച്ച്
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് - 2 ടീസ്പൂൺ
തേങ്ങ രണ്ടാം പാൽ - 2 കപ്പ്
ഒന്നാം തേങ്ങാപ്പാൽ- 1 കപ്പ്
കശുവണ്ടി പേസ്റ്റ്- 1/4 കപ്പ്
തേങ്ങാ വിനാഗിരി - 2 ടീസ്പൂൺ
തക്കാളി -2
തയാറാക്കുന്നവിധം
മീൻ കഷണങ്ങൾ നന്നായി വൃത്തിയാക്കി എടുക്കാം. അതിലേക്ക് മഞ്ഞപൊടിയും ഉപ്പും കുരുമുളകും ചേർത്ത് നന്നായി വറുത്തെടുക്കാം. മറ്റൊരു പാനിൽ മീൻ വറുത്ത എണ്ണ ചേർത്ത് കറുവപ്പട്ടയും ഏലക്കായും ഗ്രാമ്പൂവും സവാള അരിഞ്ഞതും ചെറിയയുള്ളിയും പച്ചമുളകും ഇഞ്ചി വെളുത്തുള്ള ചതച്ചതും ചേർത്ത് നന്നായി വഴറ്റാം. അതിലേക്ക് മല്ലിപൊടിയും ഇത്തിരി കുരുമുളക് പൊടിയും മസാലയും ചേർക്കാം. പച്ചമണം മാറുന്നിടം വരെ വഴറ്റാം. അതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ ചേർക്കാം. ഉപ്പും ചേർക്കാം. ശേഷം കശുവണ്ടി അരച്ചതും ചേർക്കണം.
അതിലേക്ക് അൽപം വെളിച്ചെണ്ണയും വറുത്തെടുത്ത മീൻ കഷണങ്ങളും ചേർത്ത് അടച്ച് വയ്ക്കാം. നന്നായി തിളച്ച് കഴിയുമ്പോൾ തേങ്ങയുടെ ഒന്നാംപാൽ ചേർക്കണം. മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് തക്കാളി വട്ടത്തിൽ കനം കുറച്ച് അരിഞ്ഞത് ചേർത്ത് തിരിച്ചുംമറിച്ചുമിട്ട് വാട്ടി എടുക്കാം. അതും മീനിന് മുകളിലേക്ക് ചേർക്കാം. സൂപ്പർ രുചിയിൽ ഫിഷ് മോളി റെഡിയാക്കാം.