രോഹിത്തിന്റെ ഓട്ടോഗ്രാഫിനായി ഏതറ്റം വരെയും പോകും, ജഴ്സിയും ബാറ്റും കയറിൽ കെട്ടിയിറക്കി ആരാധിക- വിഡിയോ
Mail This Article
മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിനായി മെൽബണിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഓട്ടോഗ്രാഫ് വാങ്ങാന്‍ ‘വ്യത്യസ്തമായ’ വഴി നേടി ആരാധിക. പഞ്ചാബ് സ്വദേശിയായ യുവതി ഓട്ടോഗ്രാഫ് വാങ്ങുന്നതിനായി ജഴ്സി കയറിൽ കെട്ടി ഒരു കെട്ടിടത്തിനു മുകളിൽനിന്നു താഴേക്ക് ഇട്ടുകൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പരിശീലനം പൂർത്തിയാക്കി രോഹിത് ശർമ മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
രണ്ടു കയറുകളിലായി ജഴ്സിയും ബാറ്റും കെട്ടിയ ശേഷം താരങ്ങൾ നടന്നുവരികയായിരുന്ന വഴിയിലേക്ക് ഇറക്കി നൽകുകയായിരുന്നു. മാധ്യമപ്രവർത്തകനായ വിമൽ കുമാറാണു സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. യുവതിയുടെ വിചിത്രമായ നീക്കം ശ്രദ്ധയിൽപെട്ട രോഹിത് ശർമ നിരാശയാക്കിയില്ല. കയറിൽ തൂങ്ങിയ ജഴ്സിയിലും ബാറ്റിലും ഒപ്പിട്ടുനൽകി.
വിരാട് കോലിയെ കാണാൻ യുവതി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പക്ഷേ രവീന്ദ്ര ജഡേജയുടെ ഓട്ടോഗ്രാഫും ലഭിച്ചു. ഇന്ത്യൻ താരങ്ങളുടെ പരിശീലനം കാണാൻ നൂറുകണക്കിന് ആരാധകരാണ് മെൽബണിലെ ഗ്രൗണ്ടിനു ചുറ്റും തടിച്ചുകൂടുന്നത്. ആരാധകരെ ഒഴിവാക്കുന്നതിനായി അഡ്‍ലെയ്ഡിൽ ഇന്ത്യൻ താരങ്ങൾ അടച്ചിട്ട ഗ്രൗണ്ടിലാണു പരിശീലിച്ചത്.