കാരറ്റ് കഴിക്കാൻ ഇഷ്ടമാണോ? കാഴ്ചശക്തി കൂട്ടും, ശരീരഭാരം കുറയ്ക്കും, സൂപ്പറാ!
Mail This Article
കാരറ്റും ആരോഗ്യമുള്ള കണ്ണുകളും തമ്മിൽ വലിയ ബന്ധമുണ്ട്. ഒരു കാരറ്റിനെ കുറുകെ രണ്ടായി മുറിച്ചാൽ കണ്ണിനോടു സാമ്യമുണ്ടെന്നു തോന്നില്ലേ. കണ്ണിന്റെ കൃഷ്ണമണിയേയും മിഴിപടലത്തേയും (ഐറിസ്) അനുകരിക്കുന്ന വരകൾ കാണാം. പോഷകങ്ങൾ വൈറ്റമിനുകളും കൊണ്ടു സമ്പുഷ്ടമാണ് കാരറ്റ്. ജീവകങ്ങളായ എ, ബി, സി, കെ, ബി6, നാരുകൾ, ബയോട്ടിൻ തുടങ്ങിയ പോഷകങ്ങളുടെ ഉറവിടവുമാണിത്.
കണ്ണിലെ കേടുപാടുകൾ തടയുന്നു
കാരറ്റിൽ ആന്റിഓക്സിഡന്റുകളായ ബീറ്റാകരോട്ടിൻ, ല്യൂട്ടീൻ, ആന്തോസയാനിൻ എന്നിവയുണ്ട്. കാരറ്റിലുള്ള ബീറ്റാകരോട്ടിനെ നമ്മുടെ ശരീരം വൈറ്റമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. ഇതു കണ്ണുകൾക്കു കേടുപാടുകൾ സംഭവിക്കുന്നതു തടയുന്നു. കാഴ്ചയ്ക്കു കാരണമാകുന്ന റെറ്റിനയിലെ രണ്ട് തരം ഫോട്ടോറിസപ്റ്റേഴ്സ് ആണു റോഡ് കോശങ്ങളും കോൺകോശങ്ങളും. ഇതിന്റെ ഉൽപ്പാദനത്തിനു വൈറ്റമിൻ എ കൂടിയേ തീരൂ.
വൈറ്റമിൻ എ റോഡോപ്സിൻ ഉണ്ടാക്കുന്നതിനു സഹായിക്കും. റോഡോപ്സിൻ കണ്ണിലെ ഒരു വർണകം ആണ്. ഇതു രാത്രിയിൽ കാഴ്ചയ്ക്കു സഹായിക്കുന്നു. കാരറ്റിലുള്ള വൈറ്റമിൻ സി കണ്ണിലെ രക്തക്കുഴലുകളെ സംരക്ഷിക്കുന്നു. പ്രായമായവരിൽ ഉണ്ടാകുന്ന മാക്കുലർ ഡീജനറേഷൻ (എഎംസി) തടയാനും കാരറ്റ് ഗുണകരമാണ്. (കാഴ്ച ക്രമേണ മങ്ങുകയും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് എഎംഡി).
കണ്ണിനു മാത്രമല്ല, ആരോഗ്യമുള്ള അസ്ഥികൾ, രക്തക്കുഴലുകൾ, പേശികൾ, ചർമം എന്നിവയ്ക്കും കാരറ്റ് വളരെ നല്ലതാണ്. ഇതിലുള്ള ബീറ്റാകരോട്ടീൻ കാൻസറിനെ പ്രതിരോധിക്കുന്ന ശക്തിയേറിയ ആന്റിഓക്സിഡന്റാണ്. രക്തസമ്മർദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും കാരറ്റിനു കഴിയും. ഇതിൽ കാലറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ലഘുഭക്ഷണമാണ്. കാരറ്റ് ദഹന വ്യവസ്ഥയെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.