'ഒരു മര്യാദയൊക്കെ വേണ്ടേ?' ബൈജുവിന്റെ വർക്ഔട്ട് വൈറൽ, 'അമ്പോ പവർ' എന്നു ടോവിനോ
Mail This Article
നടൻ ബൈജുവിന്റെ വ്യായാമമാണ് ഇപ്പേോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മോണിങ് വർക്ഔട്ട് എന്ന കുറിപ്പോടെ ബൈജു തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവച്ച വിഡിയോ കണ്ടവർ 10 ലക്ഷത്തോടടുക്കുന്നു.
ഡിപ്സ് എന്ന വ്യായാമമാണ് ബൈജു ചെയ്യുന്നത്. ശരീരഭാരം മുഴുവൻ കൈയിൽ നൽകി നിന്നുകൊണ്ട് ഉയരുകയും താഴുകയും ചെയ്യുന്ന ഈ വർക്ഔട്ട് പരിശീലിക്കുന്നത് അത്ര എളുപ്പമല്ല. വിഡിയോയിൽ തുടരെ പന്ത്രണ്ട് തവണയാണ് ഡിപ്സ് ചെയ്യുന്നത്. നല്ല ആരോഗ്യമുള്ള ഒരാൾക്കു മാത്രമേ ഇത് ഇത്ര നന്നായി ചെയ്യാൻ കഴിയുകയുള്ളു എന്നും മെഷീനെയൊക്കെ നാണിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണെന്നും കമന്റുകള്‍ പറയുന്നു. 'അമ്പോ പവർ' എന്നാണ് വിഡിയോ കണ്ട ടോവിനോ കമന്റ് ചെയ്തിരിക്കുന്നത്.
താൻ വ്യായാമകാര്യങ്ങളിൽ ശ്രദ്ധിക്കാറുണ്ടെന്ന് പല അഭിമുഖങ്ങളിലും ബൈജു പറഞ്ഞിട്ടുണ്ട്. അത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു ആരെയും ഞെട്ടിച്ചുകൊണ്ടുള്ള പ്രകടനം. സിനിമയിൽ വില്ലനെ പഞ്ഞിക്കിടുന്നവരിൽ എത്ര പേർക്ക് ബൈജു ഏട്ടനെപോലെ ജീവിതത്തിൽ കാണിക്കാൻ കഴിയും എന്നും ആരാധകർ ചോദിക്കുന്നു. ഹനുമാൻഗൈൻഡിന്റെ ബിഗ് ഡേഗ്സ് എന്ന റാപ്പാണ് വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.
വിഡിയോ കാണുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും അത് അങ്ങനെയല്ല. അതുകൊണ്ട് ട്രെയിനറുടെ നിർദേശപ്രകാരം മാത്രമേ ഇത്തരത്തിലുള്ള വ്യായാമങ്ങൾ ശീലിക്കാൻ പാടുള്ളു. ചെയ്യുന്നത് തെറ്റാണെങ്കിൽ തോളിനു കൈകൾക്കും പരുക്ക് ഏൽക്കാനുള്ള സാധ്യത കൂടുതലാണ്.