എല്ലാവരെയും ഞെട്ടിച്ച് പെപ്പയുടെ ജീവനെടുത്ത് പയോമെട്ര; നായ്ക്കുട്ടിക്ക് സംഭവിച്ചത്
Mail This Article
ചില വേർപിരിയലുകൾ വലിയ വേദനയുണ്ടാക്കും. അത് മനുഷ്യനായാലും മൃഗമായാലും. അത്തരം ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ് പെപ്പ എന്ന പെൺനായയുടേത്. കായംകുളത്തെ പേരും പ്രശസ്തിയുമുള്ള കുടുബത്തിന്റെ പ്രിയപ്പെട്ടവൾ ആയിരുന്നു പെപ്പ. SPMS ബസുകൾ, CN ലോഡ്ജ് എന്നിവയുടെ ഉടമസ്ഥരായ സുരേഷും ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിലെ ഒരംഗം തന്നെ ആയിരുന്നു ഓമനയായ പെപ്പ എന്ന സ്പിറ്റ്സ് ഇനത്തിൽപ്പെട്ട നായ. സുരേഷ് സ്കൂളിൽ എന്റെ ജൂനിയർ ആയിരുന്ന സ്വപ്ന ബാനർജിയുടെ സഹോദരനുമാണ്.
പെപ്പയെ ആദ്യമായി ഞാൻ കാണുന്നത് 45-ാം ദിവസമുള്ള വാക്സിനേഷന് കൊണ്ടുവന്നപ്പോഴാണ്. കൂടുതൽ വിവരങ്ങൾ ചോദിച്ചറിയവേയാണ് സുരേഷ് സ്വപ്നയുടെ സഹോദരനാണ് എന്നറിയുന്നതും. സ്വപ്ന ഇന്ന് ഈ ലോകത്തില്ല എന്ന സത്യം ഞാനറിയുന്നതും അന്നാണ്. ഞാൻ പഠിക്കുന്ന കാലത്ത് കാറിൽ സ്കൂളിൽ വന്നു പോകുന്ന ചുരുക്കം കുട്ടികളിൽ ഒരാൾ ആയിരുന്നു സ്വപ്ന എന്ന സുന്ദരിക്കുട്ടി.
പിന്നെ എപ്പോഴോ സുരേഷും മക്കളും ഞാനുമായി വളരെ അടുപ്പത്തിലുമായി. കുഞ്ഞായി എന്റടുത്തു വന്ന പെപ്പ വളർന്നുകൊണ്ടിരുന്നു. കുട്ടികൾക്ക് ഞാൻ ഡോക്ടർ ആന്റിയും പെപ്പയുടെ പ്രിയ ഡോക്ടറുമായി. എല്ലാ വർഷവും ക്രിസ്മസിന് പെപ്പയുടെ പ്രിയ ഡോക്ടർക്ക് ക്രിസ്മസ് കേക്കുമായി സുരേഷും മക്കളും ഒപ്പം പെപ്പയും എത്തും. പറയത്തക്ക ഒരസുഖവും പെപ്പയ്ക്ക് ഇന്നുവരെ വന്നിട്ടില്ല. ഒരു യാത്ര വേളയിൽ ഉണ്ടായ anxietyക്ക് അല്ലാതെ കാര്യമായ മരുന്നു പോലും പെപ്പയ്ക്ക് വേണ്ടിയിരുന്നില്ല. കൃത്യമായ വാക്സിനേഷനുകളും വിരമരുന്നും അവളെ ആരോഗ്യവതിയാക്കി. പലപ്പോഴും രാത്രികളിൽ വാട്സാപ് സന്ദേശങ്ങളിലൂടെ കുട്ടികൾ പെപ്പയുടെ വിശേഷങ്ങളും കുസൃതികളും മറ്റും എന്നെ അറിയിക്കുമായിരുന്നു.
പരിശോധിക്കുമ്പോഴും കുത്തിവയ്പ്പുകൾ എടുക്കുമ്പോഴും ഒന്നും അവൾ ബഹളമുണ്ടാക്കാറില്ല. കുട്ടികളുടെ ഒരു ഭാഗം തന്നെ ആയിരുന്നു പെപ്പ. പെപ്പയും അവളുടെ ശീലങ്ങളും രീതികളും എല്ലാം എനിക്കും മനഃപാഠം ആയിരുന്നു. അത്രയ്ക്കും അവൾക്ക് എന്നെയും എനിക്ക് അവളെയും അറിയാമായിരുന്നു. പറയാതെ അവൾ പറയുന്ന കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞിരുന്നു പെപ്പ അങ്ങനെ എന്റെയും പ്രിയപ്പെട്ടവൾ ആയി.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പെപ്പയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. കുട്ടികൾ തൊടുമ്പോൾ പോലും മുറുമുറുക്കുക, ആഹാരം കഴിക്കാൻ കുറച്ചു മടി കാണിക്കുക എന്നിവ ആയിരുന്നു ആദ്യം പ്രകടമാക്കിയത്. സാധാരണ പോലെ പരിശോധനകൾ നടത്തി കുത്തിവയ്പ്പും മറ്റു മരുന്നുകളും നൽകി. ചികിത്സയോട് കാര്യമായി പ്രതികരിക്കാത്തതുകൊണ്ട് രണ്ടാം ദിവസം തന്നെ സ്കാനിങ്ങിനായി കരുനാഗപ്പള്ളി വെറ്റ്സ് N പെറ്റ്സ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
സ്കാനിങ്ങിൽ രോഗകാരണം പയോമെട്ര എന്നു കണ്ടെത്തി. ഗർഭാശയത്തിൽ പഴുപ്പ് നിറയുന്ന അവസ്ഥയാണിത്. സർജറി മാത്രമാണ് രോഗമുക്തിക്കുള്ള വഴി. അവിടുത്തെ ഡോക്ടർമാരുമായി ബന്ധപ്പെട്ടു. Blood values എല്ലാം നോർമൽ. സർജറിയും വിജയകരം. പക്ഷേ പിറ്റേന്നു മുതൽ ക്രിയാറ്റിൻ ലെവൽ കൂടി വന്നു. ഇത് സാധാരണ കാണാറുള്ളതല്ല. തുടർ ചികിത്സയേത്തുടർന്ന് ക്രിയാറ്റിൻ ലെവൽ നോർമൽ ആയി പക്ഷേ വീണ്ടും അടുത്ത പരീക്ഷണം. ഹീമോഗ്ലോബിൻ ലെവൽ സാധാരണയിൽ താഴെ. ഡോ. ആനന്ദും ഞാനും പരസ്പരം ഡിസ്കസ് ചെയ്യുന്നുണ്ട്. ഇതിനകം പെപ്പ കുറച്ചു ഭേദപ്പെടുകയും ചെയ്തു. രക്തം നൽകുക കൂടി ചെയ്ത് പെപ്പയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചു. ഡോണർ നായയെയും റെഡിയാക്കി. പക്ഷേ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് പെപ്പ ഈ ലോകത്തോട് വിട പറഞ്ഞു.
ജീവിതത്തിൽ വല്ലാതെ വിഷമം തോന്നിയ ദിവസങ്ങളിൽ ഒന്നായിരുന്നു അത്. വീട്ടിലെ ഒരംഗം ആശുപത്രിയിൽ അഡ്മിറ്റിയാൽ രാവിലെയും വൈകിട്ടും രോഗിയെകാണാൻ പോകുന്ന പോലെ തന്നെ പെപ്പയേയും അവർ കാണാൻ പോകുമായിരുന്നു. എന്നാൽ എല്ലാവരുടേയും പ്രതീക്ഷ തെറ്റിച്ചു കൊണ്ട് പെപ്പ ഈ ലോകത്തോട് യാത്ര പറഞ്ഞു. പെപ്പയുടെ മരണവിവരം കരച്ചിലോടെയാണ് എന്നെ അറിയിച്ചതും. അത്രയ്ക്കും പ്രിയപ്പെട്ടവൾ ആയിരുന്നു പെപ്പ അവർക്കെല്ലാം. ഇന്ന് വീണ്ടും സകുടുംബം അവർ വന്നു പെപ്പയില്ലാതെ. പെപ്പയുടെ ഓർമകൾ ഉണർത്തുന്ന ക്രിസ്‌മസ് കേക്കുമായി. പെപ്പയുടെ കാര്യം ഓർക്കുമ്പോൾ ഇന്നും ഒരു നൊമ്പരമാണ്. ഒട്ടേറെ അരുമകളെ ചികിത്സിച്ചിട്ടുണ്ടെങ്കിലും അടുപ്പം തോന്നിയ ചിലരിലൊരാളാണ് പെപ്പ.