ഡോണൾഡ് ട്രംപ് പേരുമാറ്റാൻ പോകുന്ന ഡെനാലി; യുഎസിന്റെ ഏറ്റവും പൊക്കമുള്ള പർവതം
Mail This Article
തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയശേഷം യുഎസ് പ്രസിഡന്റായി അവരോധിക്കപ്പെടാൻ കാത്തിരിക്കുകയാണ് ഡോണൾഡ് ട്രംപ്. തന്റെ രണ്ടാംവട്ട ഭരണകാലത്തിലേക്കുള്ള ട്രംപിന്റെ ഉദ്യോഗസ്ഥ നിയന്ത്രണങ്ങളും മറ്റും ഇതിനകം തന്നെ വാർത്തയായിട്ടുണ്ട്. പല കാര്യങ്ങളിലും തന്റെ യോജിപ്പും വിയോജിപ്പുകളുമൊക്കെ ട്രംപ് തുറന്നങ്ങു പറഞ്ഞും കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം ട്രംപ് ഒരു പ്രഖ്യാപനം നടത്തിയത് വളരെ ശ്രദ്ധേയമായിരുന്നു അത്.
യുഎസിലെ ഡെനാലി എന്ന പർവതത്തിന്‌റെ പേര് മാറ്റി പകരം യുഎസിന്റെ 25ാം പ്രസിഡന്‌റായിരുന്ന വില്യം മക്കിൻലിയുടെ പേര് നൽകുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. വെറുമൊരു പർവതമല്ല ഡെനാലി. യുഎസിലെയും വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെയും ഏറ്റവും ഉയരമുള്ള പർവതമാണിത്. യുഎസിന്‌റെ അലാസ്‌ക സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ പർവതത്തിനു പേരു നൽകുന്നത് സംബന്ധിച്ച് പതിറ്റാണ്ടുകളായി യുഎസിൽ വാദപ്രതിവാദങ്ങളുണ്ടായിരുന്നു. മൗണ്ട് മക്കിൻലി എന്നു മുൻപ് അറിയപ്പെട്ടിരുന്ന ഈ പർവതത്തിന് അലാസ്‌ക സംസ്ഥാനക്കാരുടെ ആവശ്യപ്രകാരമാണ് 2015ൽ ഡെനാലിയെന്ന പേര് അന്നത്തെ പ്രസിഡന്‌റ് ബറാക് ഒബാമ നൽകിയത്. ഈ പേരാണ് ഇപ്പോൾ ട്രംപ് മാറ്റാൻ പോകുന്നത്.
6100 മീറ്ററാണ് ഡെനാലി പർവതത്തിന്‌റെ പൊക്കം. 5 ഹിമാനികൾ ഈ പർവതത്തിലുണ്ട്.ഇതിലുള്ള കഹിൽത്‌ന ഗ്ലേസിയർ എന്ന ഹിമാനിയാണു അലാസ്‌കൻ മേഖലയിൽ ഏറ്റവും നീളമുള്ള ഹിമാനി. ഈ മേഖലയിൽ ജീവിക്കുന്ന കൊയുകോൺ അത്തബാസ്‌കൻസ് എന്ന തദ്ദേശീയജനതയാണ് ഈ പർവതത്തിലേക്ക് ആദ്യം പ്രവേശിച്ച ആളുകൾ. ബ്രിട്ടിഷ് നാവികസേനാ ഉദ്യോഗസ്ഥനും പര്യവേക്ഷകനുമായ ജോർജ് വാൻകൂവറാണ് ഡെനാലി പർവതം ആദ്യമായി ദർശിച്ച യൂറോപ്യൻ.