500 കോടി സഹായവുമായി കേന്ദ്രസർക്കാർ; വരുന്നു, ഇലക്ട്രിക് ആംബുലൻസും
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് ഇലക്ട്രിക് ആംബുലൻസുകൾ ഉടനെത്തും. വാഹന നിർമാണത്തിനായി നാലോളം കമ്പനികളാണ് കേന്ദ്ര അനുമതി തേടിയിരിക്കുന്നത്. പിഎം ഇ–ഡ്രൈവ് പദ്ധതിയിലുൾപ്പെടുത്തി സബ്സിഡിയോടുകൂടെയുള്ള ഇ–ആംബുലൻസ് നിർമാണത്തിനുള്ള മാർഗരേഖ കേന്ദ്രം അടുത്ത ദിവസം പുറത്തിറക്കുമെന്നാണ് സൂചന. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പിഎം–ഇ ഡ്രൈവ് പദ്ധതിയുടെ ഭാഗമായി ഇ–ആംബുലൻസുകൾക്ക് 500 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ആദ്യമായാണ് ആംബുലൻസുകൾ ഇലക്ട്രിക് വാഹന പ്രോത്സാഹന പദ്ധതിയുടെ ഭാഗമാകുന്നത്.
സുരക്ഷയും കാര്യക്ഷമതയും നിലനിർത്തിക്കൊണ്ട് ആംബുലൻസുകളെ വൈദ്യുതീകരിക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖകൾ ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയമാണ് പുറത്തിറക്കുന്നത്. ഭാരമേറിയ മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ആംബുലൻസുകളുടെ ഭാരം ക്രമീകരിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ആരോഗ്യ മന്ത്രാലയവും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഫോഴ്സ് മോട്ടോഴ്സ്, മഹീന്ദ്ര, മാരുതി സുസുക്കി, സ്വിച്ച് മൊബിലിറ്റി എന്നീ കമ്പനികളാണ് താൽപര്യമറിയിച്ചിരിക്കുന്നത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business