കേന്ദ്രമന്ത്രിമാർ ചുമതലയേറ്റു; ചൈനയുമായുള്ള തർക്കം പരിഹരിക്കാൻ മുൻഗണന നൽകുമെന്ന് ജയശങ്കർ
Mail This Article
ന്യൂഡൽഹി ∙ മൂന്നാം മോദി സർക്കാരിന്റെ പ്രവർത്തനത്തിനു തുടക്കമിട്ട് പുതിയ കേന്ദ്രമന്ത്രിമാർ ചുമതലയേറ്റു. സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർ അടക്കം വിവിധ മന്ത്രാലയങ്ങളിലെത്തി ചുമതലകളിലേക്കു കടന്നു. ശാസ്ത്രിഭവനിലുള്ള പെട്രോളിയം മന്ത്രാലയത്തിലാണു സുരേഷ് ഗോപി ആദ്യമെത്തിയത്. സഹമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ, ട്രാൻസ്പോർട്ട് ഭവനിൽ സ്ഥിതി ചെയ്യുന്ന ടൂറിസം മന്ത്രാലയത്തിലേക്ക്. അവിടെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തുമായി ചർച്ച നടത്തി.
കൃഷി ഭവനിൽ സ്ഥിതി ചെയ്യുന്ന മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പിലാണു സഹമന്ത്രി ജോർജ് കുര്യൻ ആദ്യം ചുമതലയേറ്റത്. വൈകിട്ട് സിജിഒ കോംപ്ലക്സിലെ ന്യൂനപക്ഷ വകുപ്പിലും ചുമതലയേറ്റു. ദേശീയ പൊലീസ് സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് ആഭ്യന്തരമന്ത്രിപദത്തിലെ രണ്ടാമൂഴത്തിന് അമിത് ഷാ തുടക്കമിട്ടത്. ചൈനയുമായുള്ള അതിർത്തിത്തർക്കം പരിഹരിക്കാൻ മുൻഗണന നൽകുമെന്ന് വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ എസ്.ജയശങ്കർ വ്യക്തമാക്കി.
പാർലമെന്റിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ എല്ലാവരെയും ഒപ്പംചേർക്കുമെന്നും അംഗബലത്തിന്റെ അടിസ്ഥാനത്തിൽ പരസ്പരം വീഴ്ത്താൻ ആരും ശ്രമിക്കേണ്ടെന്നും പാർലമെന്ററികാര്യ മന്ത്രിയായി ചുമതലയേറ്റ കിരൺ റിജിജു പറഞ്ഞു. ശബ്ദത്തിന്റെ കരുത്ത് ക്രിയാത്മക ചർച്ചകൾക്ക് ഉപയോഗിക്കണമെന്നും ലോക്സഭയിൽ കരുത്തു വർധിപ്പിച്ച ഇന്ത്യാസഖ്യത്തെ ഉന്നമിട്ട് അദ്ദേഹം പറഞ്ഞു.