തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ തിരുത്ത്; അഗ്നിപഥ്: 60–70% പേർക്ക് സ്ഥിരനിയമനം നൽകിയേക്കും
Mail This Article
ന്യൂഡൽഹി ∙ പ്രതിരോധ സേനകളിലെ അഗ്നിപഥ് പദ്ധതിയുടെ സേവന വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതു പരിഗണനയിൽ. പദ്ധതിയുടെ പോരായ്മകൾ പരിഹരിക്കാൻ കര, നാവിക, വ്യോമ സേനകൾ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണിത്. അഗ്നിപഥ് സേനാംഗങ്ങളിൽ 60– 70 % പേർക്കു സ്ഥിരനിയമനം നൽകാനാണ് ആലോചന.
4 വർഷത്തെ സേവന കാലാവധി പൂർത്തിയാക്കുന്നവരിൽ 25 % പേർക്കാണു നിലവിൽ സ്ഥിരനിയമനം ലഭിക്കുന്നത്. 4 വർഷത്തിനു ശേഷം ഭൂരിഭാഗം പേർക്കും ജോലി നഷ്ടമാകുന്ന സാഹചര്യം അഗ്നിവീറുകൾക്കിടയിൽ മത്സരബുദ്ധി വളർത്തുന്നുവെന്നും സേനയ്ക്ക് അതു ഭൂഷണമല്ലെന്നും കരസേന ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേർക്ക് നിയമനം നൽകാനുള്ള നീക്കം.
ഭൂരിഭാഗം പേർക്കും തൊഴിൽ നഷ്ടമാകുന്നതിനെതിരെ ഉദ്യോഗാർഥികൾക്കിടയിൽ പ്രതിഷേധമുയർന്നിരുന്നു. പദ്ധതിക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നത് തിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടിയാവുകയും ചെയ്തു. പദ്ധതിയിൽ മാറ്റം ആവശ്യമാണെന്ന് എൻഡിഎയുടെ ഘടകകക്ഷിയായ ജെഡിയു അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. അഗ്നിപഥ് സേനാംഗങ്ങൾക്കുള്ള പരിശീലന കാലാവധി 37– 42 ആഴ്ചയിലേക്ക് ഉയർത്തുന്നതും പരിഗണനയിലുണ്ട്. കരസേനയിലെ മറ്റു സേനാംഗങ്ങളുടേതിനു തുല്യമാണിത്. നിലവിൽ 24 ആഴ്ചയാണ് പരിശീലന കാലാവധി.