ജമ്മു കശ്മീർ: സമാധാനം പുനഃസ്ഥാപിക്കാൻ സർവശ്രമങ്ങളും നടത്തണമെന്ന് മോദി
Mail This Article
ന്യൂഡൽഹി ∙ ഭീകരവിരുദ്ധ സേനയുടെ സർവ സന്നാഹങ്ങളുമുപയോഗിച്ച് ജമ്മു കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. കശ്മീരിൽ വിവിധയിടങ്ങളിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ മേഖലയിലെ സുരക്ഷാസ്ഥിതി മോദി വിലയിരുത്തി. നുഴഞ്ഞുകയറ്റം തടയാൻ അതിർത്തികളിൽ സേനാവിന്യാസം കൂട്ടാനും അദ്ദേഹം നിർദേശിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ കശ്മീരിലെ സാഹചര്യം സംബന്ധിച്ച വിശദ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ എന്നിവരുമായും മോദി ചർച്ച നടത്തി.
ജമ്മുവിലെ റിയാസി, കഠ്വ, ദോഡ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണം നടത്തിയ 4 ഭീകരരുടെ ചിത്രങ്ങൾ സുരക്ഷാസേന പുറത്തുവിട്ടു. ഇവരെപ്പറ്റി വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഇവരെ പിടികൂടാൻ വിവിധ മേഖലകളിൽ സുരക്ഷാ സേനയുടെ തിരച്ചിൽ ശക്തമാക്കി. രണ്ടുപേരെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടതായി ഒരു വനിത നൽകിയ വിവരത്തെ തുടർന്ന് നർവാൽ മേഖലയിൽ പരിശോധന നടത്തി.
കഴിഞ്ഞ 3 ദിവസങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളിൽ 10 പേരാണ് മരിച്ചത്. ഒരു ജവാൻ വീരമൃത്യു വരിക്കുകയും ചെയ്തു. കഠ്വയിൽ 2 ഭീകരരെ സുരക്ഷാസേന കഴിഞ്ഞദിവസം വധിച്ചു.
അതിനിടെ, അനന്ത്നാഗിലെ ഗഡോൾ മേഖലയിലെ ഭീകരപ്രവർത്തനത്തിന് സഹായം ചെയ്യുന്ന റിയാസ് അഹമ്മദ് ഭട്ടിന്റെ ഇരുനില വീട് കണ്ടുകെട്ടി. യുഎപിഎ നിയമം അനുസരിച്ചാണിത്.
കശ്മീർ, ലഡാക്ക് പരാമർശം വേണ്ട; പാക്കിസ്ഥാനോടും ചൈനയോടും ഇന്ത്യ
ന്യൂഡൽഹി ∙ ജമ്മു കശ്മീരും ലഡാക്കും രാജ്യത്തിന്റെ അവിഭാജ്യഭാഗമാണെന്നും ഭാവിയിലും അങ്ങനെതന്നെ ആയിരിക്കുമെന്നും ചൈനയ്ക്കും പാക്കിസ്ഥാനും ഇന്ത്യ കടുത്തഭാഷയിൽ മറുപടി നൽകി. ഈ മേഖലകളെ പരാമർശിച്ച് ചൈനയും പാക്കിസ്ഥാനും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന അനുചിതമായതിനാൽ തള്ളുകയാണെന്നും വിദേശകാര്യ വക്താവ് രൺബീർ ജയ്സ്വാൾ വ്യക്തമാക്കി.
പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചിട്ടുള്ള സ്ഥലങ്ങൾ ചൈന– പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയിൽ ഉൾപ്പെടുത്തിയതിനെയും ഇന്ത്യ അപലപിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്നും ഓർമിപ്പിച്ചു. ചൈന സന്ദർശനത്തിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ചൈനീസ് പ്രധാനമന്ത്രി ലീ ചിയാങ്ങും ചേർന്നാണ് കഴിഞ്ഞ 7ന് പ്രസ്താവന പുറപ്പെടുവിച്ചത്.