മഞ്ഞുരുക്കാൻ അണ്ണാമലൈ തമിഴിസൈയുടെ വീട്ടിൽ; അമിത് ഷായ്‌ക്കെതിരെ നാടാർ മഹാജനസംഘം
Mail This Article
ചെന്നൈ ∙ തമിഴ്നാട് ബിജെപിയിൽ തുടരുന്ന ശീതയുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമവുമായി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, മുൻ ഗവർണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷയുമായ തമിഴിസൈ സൗന്ദർരാജനെ സന്ദർശിച്ചു. സാലിഗ്രാമത്തിലെ വീട്ടിലെത്തി മധുരം കൈമാറിയ അണ്ണാമലൈക്ക്, താൻ എഴുതിയ പുസ്തകം തമിഴിസൈ സമ്മാനമായി നൽകി. പരസ്പരം പുകഴ്ത്തി ഇരുവരും സമൂഹമാധ്യമത്തിൽ കുറിപ്പിടുകയും ചെയ്തു.
തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ, അണ്ണാമലൈക്കെതിരെ തമിഴിസൈ പരസ്യമായി രംഗത്തു വന്നതോടെയാണ് വാക്‌പോര് തുടങ്ങിയത്. തർക്കത്തിൽ ഇടപെട്ട അമിത്ഷാ പൊതുവേദിയിൽ തമിഴിസൈയെ വിരൽചൂണ്ടി ശാസിച്ചിരുന്നു. തർക്കത്തെക്കുറിച്ച് കേന്ദ്രനേതൃത്വം റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നേതൃത്വത്തിന്റെ നിർദേശം അനുസരിച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ചയെന്നും സൂചനയുണ്ട്.
∙ അമിത് ഷായ്‌ക്കെതിരെ നാടാർ മഹാജനസംഘം
ചെന്നൈ ∙ തമിഴിസൈ സൗന്ദർരാജനെ പരസ്യമായി ശാസിച്ച അമിത്‌ഷായ്‌ക്കെതിരെ സമുദായ സംഘടനയായ നാടാർ മഹാജനസംഘം രംഗത്തെത്തി. തിരുനെൽവേലി ജില്ല നാടാർ മഹാജന സംഘത്തിന്റെ പേരിൽ പ്രസിദ്ധീകരിച്ച പോസ്റ്ററിൽ നാടാർ തറവാട്ടിലെ മകളെ അപമാനിച്ച അമിത് ഷായെയും ഉത്തരവാദിയായ കെ.അണ്ണാമലൈയെയും അപലപിക്കുന്നു. ഇരുവരും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്‌നാട് കോൺഗ്രസ് മുൻ അധ്യക്ഷൻ കുമരി അനന്തന്റെ മകളും ഡോക്ടറുമായ തമിഴിസൈ കന്യാകുമാരി ജില്ലയിൽ നിന്നുള്ള നാടാർ സമുദായ അംഗമാണ്.