ADVERTISEMENT

ബാറീ (ഇറ്റലി) ∙ ഇന്ത്യ– മധ്യപൂർവദേശം– യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) പദ്ധതി ഊർജിതമാക്കുമെന്ന പ്രഖ്യാപനത്തോടെ ഇറ്റലിയിൽ നടന്ന ത്രിദിന ജി 7 ഉച്ചകോടി സമാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്ത ഉച്ചകോടി, ആഗോള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ, പുതുസംരംഭങ്ങൾ, വിവിധ സാമ്പത്തിക ഇടനാഴികൾ എന്നിവയ്ക്കു വികസിത രാജ്യങ്ങളുടെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഐഎംഇസിക്കു പുറമേ യൂറോപ്യൻ യൂണിയൻ ഗ്ലോബൽ ഗേറ്റ്‌വേ, ലോബിറ്റോ കോറിഡോർ, ഗ്രേറ്റ് ഗ്രീൻ വോൾ ഇനിഷ്യേറ്റീവ് തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യ, സൗദി അറേബ്യ, യൂറോപ്പ്, യുഎസ് എന്നിവ ഉൾപ്പെടുന്ന റോഡ്, റെയിൽ, സമുദ്ര ഗതാഗത ശൃംഖലയാണ് ഐഎംഇസി. ഏഷ്യ, മധ്യപൂർവദേശം, യൂറോപ്പ് എന്നീ മേഖലകളിലെ രാജ്യങ്ങളെ വ്യാപാരരംഗത്തു ബന്ധിപ്പിക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ തുറമുഖങ്ങളിൽ നിന്നു കപ്പൽ മാർഗം ഗൾഫ് രാജ്യങ്ങളിൽ എത്തിക്കുന്ന ചരക്കുകൾ, അവിടെ നിർമാണത്തിലിരിക്കുന്ന പുതിയ റെയിൽപാതകളിലൂടെ ഇസ്രയേലിലെ ഹൈഫ തുറമുഖത്ത് (തുറമുഖത്തിന്റെ ഒരുഭാഗം അദാനി ഗ്രൂപ്പാണു നിയന്ത്രിക്കുന്നത്) എത്തിക്കും.

അവിടെനിന്നു യൂറോപ്പിലേക്കും വടക്കൻ ആഫ്രിക്കയിലേക്കും കുറഞ്ഞ സമയത്തിനുള്ളിൽ എത്തിക്കാനാകുമെന്നതിനാലാണു പദ്ധതിയിൽ ഇന്ത്യയ്ക്കു താൽപര്യം. ചൈനയുടെ ആഗോള ചരക്കുഗതാഗത, വ്യാപാര സംരംഭമായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനു (ബിആർഐ) ബദലായി കഴിഞ്ഞ വർഷം ജി 7 ഉച്ചകോടിയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. യുഎസ്, യുകെ, കാനഡ, ജർമനി, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സാമ്പത്തിക നയ– സുരക്ഷാ കൂട്ടായ്മയാണു ജി 7. ഈ രാജ്യങ്ങളുടെ തലവന്മാർക്കും പുറമേ ഇന്ത്യ, അൾജീരിയ, അർജന്റീന, ബ്രസീൽ, ജോർദാൻ, കെനിയ, മൊറീഷ്യസ്, തുനീസിയ, തുർക്കി, യുഎഇ എന്നീ രാഷ്ട്രങ്ങളുടെ നേതാക്കളും ഫ്രാൻസിസ് മാർപാപ്പയും ഉച്ചകോടിയിൽ പങ്കെടുത്തു.

ജി 7 യുക്രെയ്ൻ വായ്പ: ഇയു ഭാഗമല്ലെന്ന് ഇറ്റലി

ബാറീ (ഇറ്റലി) ∙ റഷ്യയുടെ മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിച്ച് യുക്രെയ്നിനു 5000 കോടി ഡോളർ വായ്പ നൽകാനുള്ള ജി 7 പദ്ധതിയിൽ യൂറോപ്യൻ യൂണിയൻ (ഇയു) രാജ്യങ്ങൾ നേരിട്ട് ഭാഗമാകില്ലെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ മെലോനി വ്യക്തമാക്കി. വായ്പയ്ക്കുള്ള ഗാരന്റി സംവിധാനത്തിന് യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ സംഭാവന നൽകുന്നുണ്ട്. യുക്രെയ്ൻ ഫണ്ടിലേക്ക് യുഎസ്, കാനഡ, ബ്രിട്ടൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംഭാവനകൾ ഉണ്ടായേക്കാമെന്നും അവർ സൂചിപ്പിച്ചു.

English Summary:

India-Europe economic corridor project goes ahead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com