ജമ്മു കശ്മീർ: ഭീകരർ നിഴൽയുദ്ധത്തിൽ ഒതുങ്ങിയെന്ന് അമിത് ഷാ
Mail This Article
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ സംഘടിത ആക്രമണങ്ങൾ ഉപേക്ഷിച്ചു നിഴൽയുദ്ധങ്ങളിൽ ഒതുങ്ങാൻ ഭീകരവാദസംഘങ്ങൾ നിർബന്ധിതരായെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. ഭീകരതയ്‌ക്കെതിരായ പോരാട്ടം നിർണായകഘട്ടത്തിലാണെന്ന് കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളുടെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ അദ്ദേഹം പറഞ്ഞു. കശ്മീരിൽ നടപ്പാക്കി വിജയിച്ച ഭീകരവിരുദ്ധ നടപടികൾ ജമ്മു ഡിവിഷനിലും ഏർപ്പെടുത്താൻ അദ്ദേഹം നിർദേശിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കരസേനാ മേധാവി മനോജ് പാണ്ഡെ, നിയുക്ത കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി തുടങ്ങിയവർ പങ്കെടുത്തു. ജമ്മു കശ്മീരിൽ നാലിടങ്ങളിലാണു കഴിഞ്ഞയാഴ്ച ഭീകരാക്രമണമുണ്ടായത്. 9 തീർഥാടകരും ഒരു സിആർപി എഫ് ജവാനും കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ചു.