ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ സ്പീക്കർ പദവിക്കായി ടിഡിപി അവകാശവാദമുന്നയിച്ചിരിക്കെ, എൻഡിഎയിൽ അത് ആശയക്കുഴപ്പമായി പടരാതിരിക്കാൻ ബിജെപി കരുതലോടെ നീങ്ങുന്നു. നിലവിലെ സ്പീക്കർ ഓം ബിർല തന്നെ തുടരുമെന്നാണു ബിജെപി വൃത്തങ്ങളിലെ സൂചന. എന്നാൽ, ഘടകകക്ഷികക്ഷികളുമായി ആലോചിച്ചശേഷമേ അന്തിമ തീരുമാനമെടുക്കൂ. മറ്റു പാർട്ടികളിൽനിന്നു നിർദേശം ക്ഷണിക്കുന്നുണ്ട്. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാധാമോഹൻ സിങ്, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു ബിജെപിയിലേക്ക് എത്തിയ ബിജെഡി സ്ഥാപകാംഗം ഭർതൃഹരി മെഹ്താബ്, ബിജെപി ആന്ധ്രപ്രദേശ് അധ്യക്ഷ ഡി. പുരന്ദേശ്വരി എന്നിവരെയും പരിഗണിക്കുന്നു. 

എൻഡിഎ പ്രതിനിധികൾ പങ്കെടുത്ത യോഗം ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ നടന്നെങ്കിലും സ്പീക്കർ പദവി സംബന്ധിച്ചു വിശദമായ ചർച്ചയുണ്ടായില്ലെന്നാണു വിവരം. സ്പീക്കർ പദവിക്കായി ടി‍ഡിപി മുന്നോട്ടുവന്നാൽ പിന്തുണയ്ക്കാൻ തയാറാണെന്നു കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ചർച്ച ഈ വഴിക്കു തിരിയാതിരിക്കാൻ ബിജെപി ശ്രമിക്കുന്നു. 

പരിഹാരമായി ഡപ്യൂട്ടി സ്പീക്കർ പദവി ടിഡിപിക്കു വിട്ടു നൽകിയേക്കും. എന്നാൽ, ഡപ്യൂട്ടി സ്പീക്കർ പദവിയിൽ കോൺഗ്രസും അവകാശവാദമുന്നയിക്കുന്നു. ബിജെപി അതിനു തയാറായില്ലെങ്കിൽ സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ പദവികളിൽ സ്ഥാനാർഥിയെ നിർത്തി പ്രതിഷേധം രേഖപ്പെടുത്താനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കറെ നിയമിക്കാൻ ബിജെപി തയാറായിരുന്നില്ല. 26നാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. 

പ്രോടെം സ്പീക്കർ: കൊടിക്കുന്നിലിന് സാധ്യത 

ന്യൂഡൽഹി ∙ കോൺഗ്രസിലെ മുതിർന്ന ലോക്സഭാംഗം കൊടിക്കുന്നിൽ സുരേഷ് 18–ാം ലോക്സഭയിലെ പ്രോടെം സ്പീക്കർ ആയേക്കുമെന്നു സൂചന. കൊടിക്കുന്നിലിനൊപ്പം സീനിയോറിറ്റിയുള്ള ഏക അംഗം ഡോ. വീരേന്ദ്ര കുമാർ കേന്ദ്രമന്ത്രിയാണ്. 2014–ൽ ആദ്യ നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തു കോൺഗ്രസിലെ കമൽനാഥായിരുന്നു പ്രോടെം സ്പീക്കർ. പുതിയ സഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ നിർവഹിക്കുക, സ്പീക്കർ തിരഞ്ഞെടുപ്പു നടത്തുക എന്നിവയാണു ചുമതല. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതോടെ സ്ഥാനം ഇല്ലാതാകും. 

English Summary:

Om Birla may continue as Speaker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com