ADVERTISEMENT

ന്യൂഡൽഹി ∙ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ മുഖ്യ ഉപദേശകരായി തങ്ങളുടെ പേരുകൾ പരാമർശിച്ചിരിക്കുന്നത് ഒഴിവാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സുഹാസ് പാൽഷിക്കർ, യോഗേന്ദ്ര യാദവ് എന്നിവർ എൻസിഇആർടി ഡയറക്ടർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. എൻസിഇആർടിയുടെ 12–ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ ബാബറി മസ്ജിദിന്റെ പേര് ഒഴിവാക്കുകയും 3 താഴികക്കുടങ്ങളുള്ള നിർമിതിയെന്നു പരാമർശിക്കുകയും ചെയ്തതു വിവാദമായതിനു പിന്നാലെയാണ് ഇരുവരും കത്തെഴുതിയത്. പൊളിറ്റിക്കൽ സയന്റിസ്റ്റായ സുഹാസ് പാൽഷിക്കർ, നേരത്തെ പുണെ സാവിത്രി ഫുലെ സർവകലാശാലയിൽ അധ്യാപകനായിരുന്നു. പഞ്ചാബ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായിരുന്ന യോഗേന്ദ്ര യാദവ്, രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ശ്രദ്ധേയനാണ്. 

2006–07 അധ്യയന വർഷം പ്രസിദ്ധീകരിച്ച 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളുടെ മുഖ്യ ഉപദേഷ്ടാക്കളായിരുന്നു ഇരുവരും. പിന്നീടു പല തവണ പുസ്തകത്തിൽ മാറ്റം വരുത്തി. പേരുകൾ ഒഴിവാക്കണമെന്ന് പാൽഷിക്കറും യോഗേന്ദ്ര യാദവും കഴിഞ്ഞ ‍‍‍ജൂണിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എൻസിഇആർടി ഒഴിവാക്കിയില്ല.  ഇപ്പോഴും തങ്ങളുടെ പേരുകൾ പരാമർശിക്കുന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് പാൽഷിക്കറും യോേഗന്ദ്ര യാദവും കത്തിൽ വ്യക്തമാക്കി. നേരത്തെ പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങൾ ഒഴിവാക്കുന്ന രീതിയായിരുന്നെങ്കിൽ ഇപ്പോൾ തരംപോലെയുള്ള വളച്ചൊടിക്കലാണ് നടത്തിയിരിക്കുന്നതെന്ന് ഇരുവരും കുറ്റപ്പെടുത്തി. 

പാഠപുസ്തകത്തിൽ  ‘ഇന്ത്യ’യും ‘ഭാരത’വും 

സ്കൂൾ പാഠപുസ്തകങ്ങളിൽ ‘ഭാരതം’, ‘ഇന്ത്യ’ എന്നിവ മാറിമാറി ഉപയോഗിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും എൻസിഇആർടി ഡയറക്ടർ പ്രഫ. ദിനേശ് പ്രസാദ് സ‌ക്‌ലാനി വ്യക്തമാക്കി. പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ ആക്കാൻ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട സമിതി ശുപാർശ നൽകിയതിനെതുടർന്നാണ് വിശദീകരണം. 2 പേരുകളും ഉപയോഗിക്കുമെന്നും ഒന്നിനോടും താൽപര്യക്കുറവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 

മലയാളിയായ പ്രഫ. സി.ഐ.ഐസക് അധ്യക്ഷനായ സമിതിയാണ് ഇന്ത്യ ഒഴിവാക്കി ഭാരതം എന്നാക്കണമെന്നു കഴിഞ്ഞവർഷം ശുപാർശ ചെയ്തത്. ഇതു വിവാദമായിരുന്നെങ്കിലും എൻസിഇആർടി നിലപാടു വ്യക്തമാക്കിയിരുന്നില്ല. ഇംഗ്ലിഷ് മീഡിയം സ്കൂളുകളോടുള്ള മാതാപിതാക്കളുടെ താൽപര്യം ആത്മഹത്യാപരമാണെന്നും രാജ്യത്തെ സർക്കാർ സ്കൂളുകൾ ഇന്ന് ഏറെ നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നുണ്ടെന്നും പ്രഫ. സ‌ക്‌ലാനി പറഞ്ഞു. 

English Summary:

Suhas Palshikar demands removal of name from political science textbooks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com